'നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ എതിര്‍പ്പുയരും';ജെഎന്‍യു വൈസ് ചാന്‍സിലറെ ന്യായീകരിച്ച് കേന്ദ്രമന്ത്രി

By Web TeamFirst Published Jan 14, 2020, 9:24 AM IST
Highlights

സംഘര്‍ഷം ലഘൂകരിക്കാന്‍ വിസി ഇടപെട്ടില്ലെന്ന വാദം തെറ്റെന്നാണ് മന്ത്രി രമേഷ് പൊക്രിയാല്‍ പറഞ്ഞത്.

ദില്ലി: ജെഎൻയു വൈസ് ചാൻസിലറെ ന്യായീകരിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. ജെഎന്‍യുവില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ഒരു വിഭാഗം അധ്യാപകരം വിദ്യാര്‍ത്ഥികളും വൈസ് ചാന്‍സിലര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ കഴഞ്ഞില്ലെങ്കില്‍ വൈസ് ചാന്‍സിലര്‍ രാജിവെക്കണമെന്നായിരുന്നു അധ്യാപകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ വിസി ഇടപെട്ടില്ലെന്ന വാദം തെറ്റെന്നാണ് മന്ത്രി രമേഷ് പൊക്രിയാല്‍ പറഞ്ഞത്. വൈസ് ചാൻസിലർ ചെയ്യുന്നത് നല്ല കാര്യങ്ങളാണ്, നല്ല കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ എതിര്‍പ്പുയരുക സ്വഭാവികമാണ്. പഠിക്കാനെത്തുന്നവരും അതിൽ താൽപര്യമില്ലാത്തവരുമാണ് ജെഎൻയുവിൽ ഏറ്റുമുട്ടുന്നതെന്നും മന്ത്രി പറഞ്ഞു. 

ഹോസ്റ്റല്‍ ഫീസ് വർദ്ധനവിന്‍റെ പേരില്‍ വിദ്യാർത്ഥികൾ സമരം തുടരുന്നതില്‍ ന്യായമില്ലെന്ന് മന്ത്രി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. 'ഫീസ് വർദ്ധനവ് സംബന്ധിച്ച വിഷയം വിദ്യാർഥികളും അധ്യാപകരുമായി പല തവണ നടന്ന ചർച്ചയിലൂടെ പരിഹരിച്ചതാണ്'. ഇനിയും പ്രതിഷേധവും സമരവുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. ജെഎൻയു കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്. ഒക്ടോബർ മൂന്നിന് പുതിയ ഐഎച്ച്എ മാനുവൽ ഡ്രാഫ്റ്റ് സർവകലാശാല പുറത്തുവിട്ടത് മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങി.
 

click me!