പൗരത്വ നിയമം: 21 ജില്ലകളിലായി 32,000 അഭയാര്‍ത്ഥികളെ കണ്ടെത്തിയെന്ന് യുപി മന്ത്രി

By Web TeamFirst Published Jan 14, 2020, 8:06 AM IST
Highlights

പുതുക്കിയ പൗരത്വ നിയമം നടപ്പാക്കി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഇതിനോടകം എല്ലാ ജില്ല മജിസ്ട്രേറ്റുമാര്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. 21 ജില്ലകളിലായി നടത്തിയ വിവരശേഖരണത്തിലൂടെ 32,000 അഭയാര്‍ത്ഥികളേയും തിരിച്ചറിഞ്ഞു

ലക്നൗ: പുതുക്കിയ പൗരത്വ നിയമം രാജ്യത്ത് നിലവില്‍ വന്നതിന് പിന്നാലെ പൗരത്വ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മാറാനൊരുങ്ങി ഉത്തര്‍പ്രദേശ്. 75 ജില്ലകളുള്ള ഉത്തര്‍പ്രദേശിലെ 21 ജില്ലകളില്‍ ഇതിനോടകം പൗരത്വ ഭേദഗതി നിയമത്തിന്‍റെ ഭാഗമായി കണക്കെടുപ്പ് നടത്തി അഭയാര്‍ത്ഥികളെ തിരിച്ചറിഞ്ഞെന്ന് യുപി മന്ത്രി ശ്രീകാന്ത് ശര്‍മ്മ അറിയിച്ചു. 

പുതുക്കിയ പൗരത്വ നിയമം നടപ്പാക്കി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഇതിനോടകം എല്ലാ ജില്ല മജിസ്ട്രേറ്റുമാര്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. 21 ജില്ലകളിലായി നടത്തിയ വിവരശേഖരണത്തിലൂടെ 32,000 അഭയാര്‍ത്ഥികളേയും തിരിച്ചറിഞ്ഞു. സംസ്ഥാന വ്യാപകമായി കണക്കെടുപ്പ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.  ഇതിനു ശേഷം ഇവരുടെ വിശദവിവരങ്ങള്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന് കൈമാറും - ശ്രീകാന്ത് ശര്‍മ്മ വ്യക്തമാക്കി. 

ഏത് രാജ്യങ്ങളിലുള്ള അഭയാര്‍ത്ഥികളെയാണ് കണ്ടെത്തിയിരിക്കുന്നത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അഫ്‍ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അവര്‍ എന്നായിരുന്നു മഹേഷ് ശര്‍മ്മയുടെ മറുപടി.  മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നാടായ ഗൊരഖ്‍പുര്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി എന്നിവിടങ്ങളില്‍ എല്ലാം ഇതിനോടകം അഭയാര്‍ത്ഥികളെ കണ്ടെത്തി കഴിഞ്ഞു. അലിഗഢ്, രാംപുര്‍, പ്രതാപ്‍ഗര്‍ഹ്, പിലിഭിത്ത്, ലഖ്നൗസ വാരാണസി, ബഹാറിച്ച്, ലഖീംപുര്‍, റാംപുര്‍, മീററ്റ്, ആഗ്ര എന്നിവിടങ്ങളിലും അഭയാര്‍ത്ഥികള്‍ക്കായുള്ള സര്‍വ്വേ പൂര്‍ത്തിയായിട്ടുണ്ട്. 

മറ്റ് രാജ്യങ്ങളില്‍ നിന്ന് മതപരമായ പീഡനത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി എത്തിയവരുടെ അനുഭവങ്ങളുടെ കുറിപ്പുകളും പട്ടികയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമുസ്ലീങ്ങളായ നാല്‍പതിനായിരത്തോളം അഭയാര്‍ത്ഥികള്‍ സംസ്ഥാനത്തുണ്ടെന്നാണ് അനുമാനം. പിലിബിത്തിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ ഉള്ളതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
 

click me!