കശ്മീര്‍: പാകിസ്ഥാന്‍ രാഹുലിന്‍റെ പേര് വലിച്ചിഴച്ചു, നിന്ദ്യമായ പ്രചാരണങ്ങള്‍ കൊണ്ട് സത്യം ഇല്ലാതാവില്ലെന്നും കോണ്‍ഗ്രസ്

By Web TeamFirst Published Aug 28, 2019, 10:38 AM IST
Highlights

കശ്മീര്‍ വിഷയത്തില്‍ രാഹുലിന്‍റെ നിലപാട് തങ്ങള്‍ക്കനുകൂലമാണെന്ന്, ഐക്യരാഷ്ട്രസഭയെ പാകിസ്ഥാന്‍ തെറ്റിദ്ധരിപ്പിച്ചതായി കോണ്‍ഗ്രസ്.

ദില്ലി: ജമ്മു കശ്മീര്‍ വിഷയത്തില്‍, ഇന്ത്യക്കെതിരായ നീക്കത്തില്‍ പാകിസ്ഥാന്‍ രാഹുല്‍ ഗാന്ധിയുടെ പേര് വലിച്ചിഴച്ചെന്ന് കോണ്‍ഗ്രസ്. കശ്മീര്‍ വിഷയത്തില്‍ രാഹുലിന്‍റെ നിലപാട് തങ്ങള്‍ക്കനുകൂലമാണെന്ന്, ഐക്യരാഷ്ട്രസഭയെ പാകിസ്ഥാന്‍ തെറ്റിദ്ധരിപ്പിച്ചതായി എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. 

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പാകിസ്ഥാന്‍ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന്‍റെ സാഹചര്യം വിശദീകരിക്കുകയായിരുന്നു സുര്‍ജെവാല.  "പറയുന്ന നുണകള്‍ സത്യമാണെന്ന് സ്ഥാപിക്കാന്‍,  പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭക്ക് നല്‍കിയ പരാതിയില്‍  രാഹുല്‍ ഗാന്ധിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്രസഭയെ യും ലോകത്തെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിത്." സുര്‍ജെവാല പറഞ്ഞു.

ജമ്മു, കശ്മീര്‍, ലഡാക് എന്നിവ ഇന്ത്യയുടെ ഭാഗമായിരുന്നെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. അതിപ്പോഴും അങ്ങനെതന്നെയാണ്. എപ്പോഴും അങ്ങനെയായിരിക്കുകയും ചെയ്യും. പാകിസ്ഥാന്‍റെ നിന്ദ്യമായ പ്രചാരണങ്ങള്‍ കൊണ്ട് ഈ സത്യത്തെ തിരുത്തിക്കുറിക്കാനാവില്ലെന്നും രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.


 

click me!