
ദില്ലി : ബലാത്സംഗ, കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ പരോളിൽ പുറത്തിറങ്ങിയ ദേരാ സച്ഛാ സൌദ നേതാവ് ഗുർമീത് റാം റഹീം സിംഗിന്റെ മ്യൂസിക് വീഡിയോ യൂട്യൂബിൽ തരംഗമാകുന്നു. 20 വർഷത്തെ തടവ് ശിക്ഷക്കിടയിലാണ് ഗുർമീത് പുറത്തിറങ്ങിയത്. കുടുംബം നൽകിയ അപേക്ഷയെ തുടർന്ന് കഴിഞ്ഞയാഴ്ച ഗുർമീതിന് 40 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. ദീപാവലി ദിനത്തിലാണ് യൂട്യൂബ് ചാനലിൽ പഞ്ചാബി സംഗീത വീഡിയോ പുറത്തിറങ്ങിയത്.
രചന, സംഗീതം, ആലാപനം, സംവിധാനം എന്നിവയിൽ ഗുർമീതിന്റെ പേരാണ് ക്രെഡിറ്റിൽ നൽകിയിരിക്കുന്നത്. പുറത്തിറങ്ങി 22 മണിക്കൂറിനുള്ളിൽ ഇതിന് 42 ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചത്. ദീപങ്ങളുമായി നടക്കുന്ന ഗുർമീതിനെയാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. പത്ത് വർഷങ്ങൾക്ക് മുമ്പ് 'ലവ് ചാർജർ' എന്ന ഗാനവുമായാണ് ഗുർമീത് ആൽബം രംഗത്തേക്ക് എത്തിയത്.
മോചിതനായതിന് തൊട്ടുപിന്നാലെ, ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നിന്ന് ഗുർമീത് വെർച്വൽ 'സത്സംഗ്' പരിപാടി സംഘടിപ്പിച്ചിരുന്നു, അതിൽ ഹരിയാനയിലെ കർണാൽ മേയറും ഭരണകക്ഷിയായ ബിജെപിയുടെ നിരവധി നേതാക്കളും ഉൾപ്പെടെ നിരവധി രാഷ്ട്രീയക്കാർ പങ്കെടുത്തിരുന്നു.
റാം റഹീമിനെ പരോളിൽ വിട്ടയച്ചതിനെ പ്രതിപക്ഷ ശക്തമായി വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഗുർമീത് റാം റഹീമിന് പരോൾ നൽകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇത്തവണ ഹരിയാന, പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും ആദംപൂർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലേക്കും നീങ്ങുകയാണ്. ഇതിനിടെയാണ് ഗുർമീതിന് പരോൾ അനുവദിച്ചത്.
നേരത്തെ, 46 പൗരസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ജൂണിൽ ഗുർമീതിനെ ഒരു മാസത്തെ പരോളിൽ വിട്ടയച്ചിരുന്നു. ഫെബ്രുവരിയിൽ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാഴ്ചത്തെ അവധി നൽകി. "ആദംപൂരിലെ ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ദേര തലവൻ ഗുർമീത് റാം റഹീമിന് 40 ദിവസത്തെ പരോൾ നൽകിയത്. രഹസ്യവോട്ടുകൾ എടുക്കാതിരിക്കാൻ എന്തുകൊണ്ട് റാം റഹീമിനെ ബിജെപി തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നില്ല?" മുതിർന്ന കോൺഗ്രസ് നേതാവ് ഉദിത് രാജ് ട്വീറ്റ് ചെയ്തു.
Read More : പരോളിലിറങ്ങിയ ഗുർമീത് റാം റഹീമിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഒരുക്കി ഹരിയാന സർക്കാർ