
ദില്ലി: ലൈംഗിക പീഡനകേസുകളില്‍ ഒരിക്കല്‍ അതിജീവിതയുടെ മൊഴി വിശ്വാസത്തില്‍ എടുത്തു കഴിഞ്ഞാല്‍ കേസിന്റെ തുടര്‍ നടപടികൾക്ക് ആ മൊഴി ആധികാരികമാണെന്ന് സുപ്രീംകോടതി നീരീക്ഷണം. ഛത്തീസ്ഗഡ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കേസുകളില്‍ പിടിച്ചെടുത്ത വസ്തുക്കളുടെ ഫോറന്‍സിക് പരിശോധന നടത്താന്‍ പൊലീസ് പരാജയപ്പെട്ടാലും കേസിന്റെ മുന്നോട്ടുള്ള നടപടികള്‍ക്ക് അതിജീവിതയുടെ മൊഴി മതിയാകുമെന്നാണ് കോടതി പറഞ്ഞത്.
എഫ് ഐ ആറില്‍ ഉള്‍പ്പടെയുള്ള മൊഴി കേസിന് ബലം നല്‍കും. പ്രസ്തുത കേസില്‍ അതിജീവിതയുടെ മൊഴി തന്നെ ധാരാളമാണെന്നും കോടതി വ്യക്തമാക്കി. സംഭവ സ്ഥലത്തു നിന്നു പൊലീസ് കണ്ടെടുത്ത വസ്ത്രങ്ങളോ മറ്റു തെളിവുകളോ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയില്ല എന്ന കാരണത്താല്‍ കേസിന്റെ ബലം കുറയുന്നില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ ഹര്‍ജി സുപ്രീം തള്ളുകയും ചെയ്തു.
അതേസമയം സുപ്രീം കോടതിയിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന്‍റെ ഫയലുകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകി എന്നതാണ്. നാളെ തന്നെ ഫയലുകൾ ഹാജരാക്കണമെന്നാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമന പ്രക്രിയ എങ്ങനെയെന്ന് മനസിലാക്കാനാണ് ഇതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിം കോടതിയുടെ പരിഗണനയിൽ ഇരിക്കവെയാണ് നിയമനം നടന്നത്. നിയമന നടപടികൾ സുതാര്യമാണോ എന്നതാണ് സുപ്രീം കോടതി ചോദിക്കുന്നത്. സുതാര്യമാണെങ്കിൽ ഫയലുകൾ ഹാജരാക്കാൻ മടി എന്തിനെന്നും കോടതി ചോദിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam