Asianet News MalayalamAsianet News Malayalam

ക്ലാസിൽ മദ്യപിച്ചെത്തിയതിന് പുറത്താക്കിയ വിദ്യാർഥിയുടെ ആത്മഹത്യ; അധ്യാപകനെതിരെ കേസ്, 14 വർഷത്തിന് ശേഷം വിധി!

ക്ലാസില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥി തനിക്ക് തെറ്റു പറ്റിയെന്നു സമ്മതിച്ചെങ്കിലും മദ്യപിച്ചിരുന്നു എന്ന കാര്യം സമ്മതിച്ചില്ല. മാതാപിതാക്കളെ വിളിച്ചു കൊണ്ടു വന്നേ പറ്റു എന്നു പ്രിന്‍സിപ്പല്‍ ശഠിച്ചു. അതോടെ സഹോദരന് സന്ദേശം അയച്ചിട്ട് വിദ്യാര്‍ഥി ഒരു കനാലില്‍ ചാടി ജീവനൊടുക്കി

court verdict on suicide drunk student case
Author
First Published Nov 24, 2022, 8:03 PM IST

ദില്ലി: നിയമപ്രകാരം അച്ചടക്ക നടപടി എടുത്തതിന്റെ പേരില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്താല്‍ അധ്യാപകനും മാനേജ്‌മെന്റും കുറ്റക്കാരല്ലെന്ന് സുപ്രീംകോടതി. ജസ്റ്റീസുമാരായ എസ്.കെ കൗള്‍, എ.എസ് ഓക എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. പഞ്ചാബിലെ ഒരു കോളജില്‍ നടന്ന സംഭവത്തിലാണ് 14 വര്‍ഷത്തെ നിയമ യുദ്ധത്തിന് ശേഷം സുപ്രീംകോടതിയില്‍ തീര്‍പ്പുണ്ടായത്. ക്ലാസില്‍ മദ്യപിച്ചെത്തി കുഴപ്പമുണ്ടാക്കിയ വിദ്യാര്‍ഥിയെ പുറത്താക്കുകയും തുടര്‍ന്ന് പിഴ ചുമത്തുകയും ചെയ്ത സംഭവത്തിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി അധ്യാപകന്റെ ക്ലാസില്‍ മദ്യപിച്ചെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥിയെ ക്ലാസില്‍ നിന്നു പുറത്താക്കിയ അധ്യാപകന്‍ വകുപ്പു മേധാവിക്ക് രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു സംഭവത്തിന്റെ പേരില്‍ മറ്റൊരു വിദ്യാര്‍ഥിക്കും ചേര്‍ത്ത് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പില്‍ 10,000 രൂപ പിഴയിട്ടു. കോഴ്‌സ് കഴിയുമ്പോള്‍ തുക മടക്കി നല്‍കാമെന്നും വ്യക്തമാക്കിയിരുന്നു. കൂടാതെ മാതാപിതാക്കളെ വിളിച്ച് കൊണ്ടു വരണമെന്നും നിഷ്‌കര്‍ഷിച്ചു. എന്നാല്‍, ക്ലാസില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥി തനിക്ക് തെറ്റു പറ്റിയെന്നു സമ്മതിച്ചെങ്കിലും മദ്യപിച്ചിരുന്നു എന്ന കാര്യം സമ്മതിച്ചില്ല. മാതാപിതാക്കളെ വിളിച്ചു കൊണ്ടു വന്നേ പറ്റു എന്നു പ്രിന്‍സിപ്പല്‍ ശഠിച്ചു. അതോടെ സഹോദരന് സന്ദേശം അയച്ചിട്ട് വിദ്യാര്‍ഥി ഒരു കനാലില്‍ ചാടി ജീവനൊടുക്കി. തുടര്‍ന്ന് ഇയാളുടെ പിതാവിന്റെ പരാതി പ്രകാരം അധ്യാപകനും വകുപ്പു മേധാവിക്കും പ്രിന്‍സിപ്പലിനും എതിരേ പോലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കുകയായിരുന്നു. വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്ലാസിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി. വകുപ്പ് മേധാവി ഭീഷണിപ്പെടുത്തി എന്നൊക്കെയായിരുന്നു രക്ഷിതാക്കളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍, ആത്മഹത്യക്കുറിപ്പ് പോലെ വിദ്യാര്‍ഥി സഹോദരന് അയച്ച സന്ദേശത്തില്‍ കോളജിന്റെയോ അധ്യാപകരുടെയോ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് ജസ്റ്റീസ് എസ്.കെ കൗള്‍ പറഞ്ഞു. അധ്യാപകന്‍ അച്ചടക്ക നടപടി എടുത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്താല്‍ അദ്ദേഹത്തിനെതിരേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാകുമോ എന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ വന്നാല്‍ ഒരിക്കലും ഒരാള്‍ക്കെതിരേയും നടപടി എടുക്കാനാകില്ലല്ലോ എന്നും ചോദിച്ചു. വിദ്യാര്‍ഥി അയച്ച സന്ദേശത്തില്‍ നിന്ന് പിതാവിനെ ഭയപ്പെട്ടിരുന്നു എന്നോ പിതാവുമായി മറ്റെന്തോ പ്രശ്‌നമുണ്ടെന്നോ ആണ് മനസിലാക്കുന്നതെന്നും ജസ്റ്റീസ് വ്യക്തമാക്കി.

2008ല്‍ നടന്ന ഒരു സംഭവത്തിന്റെ പേരില്‍ 14 വര്‍ഷത്തോളം മൂന്ന് അധ്യാപകരെ കോടതി കയറ്റിയതിനെ ജസ്റ്റീസ് എസ്.കെ കൗള്‍ വിമര്‍ശിച്ചു. അവരുടേതല്ലാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിച്ചത്. ആത്മഹത്യ പ്രേരണ കുറ്റം തെളിയിക്കുന്നതിന് സ്വതന്ത്ര സാക്ഷികള്‍ ഇല്ലെന്നും കോടതി വ്യക്തമാക്കി. പുത്രനെ നഷ്ടപ്പെട്ട പിതാവിന്റെ വേദന കോടതി മനസിലാക്കുന്നു. പക്ഷേ, അച്ചടക്ക നടപടി എടുത്തതിന്റെ പേരില്‍ അധ്യാപകരെ കുറ്റപ്പെടുത്താനാകില്ല. അയഞ്ഞ സമീപനം കുത്തഴിഞ്ഞ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇടയാക്കും. ഈ കേസില്‍ പിതാവിന്റെ മനോവേദന കേസിലേക്ക് വഴി തിരിച്ചു വിടേണ്ടതില്ല. കേസ് അന്വേഷണത്തില്‍ എല്ലാ സാഹചര്യങ്ങളും വിലയിരുത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

വഞ്ചിയൂരില്‍ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍, സ്കൂട്ടറിലെത്തിയ പ്രതി സ്ത്രീയെ തള്ളിയിടുകയായിരുന്നു

Follow Us:
Download App:
  • android
  • ios