ചൈനയില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുമായി പുറപ്പെട്ട കപ്പല്‍ യുഎസിലേക്ക് വഴി തിരിച്ചു

Published : Apr 12, 2020, 03:54 PM ISTUpdated : Apr 12, 2020, 04:16 PM IST
ചൈനയില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുമായി പുറപ്പെട്ട കപ്പല്‍ യുഎസിലേക്ക് വഴി തിരിച്ചു

Synopsis

റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയിലേക്ക് വഴി മാറ്റിയതായി തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷണ്‍മുഖം അറിയിച്ചു. ശനിയാഴ്ച കിറ്റുകള്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്.  

ചെന്നൈ: തമിഴ്‌നാട്ടിലേക്ക് നാല് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകളുമായി തിരിച്ച കപ്പല്‍ യുഎസിലേക്ക് വഴിമാറ്റിയതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉടന്‍ തമിഴ്‌നാട്ടിലെത്തുമെന്ന് മന്ത്രിമാര്‍ പറഞ്ഞിരുന്നു. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ അമേരിക്കയിലേക്ക് വഴി മാറ്റിയതായി തമിഴ്‌നാട് ചീഫ് സെക്രട്ടറി കെ ഷണ്‍മുഖം അറിയിച്ചു.

ശനിയാഴ്ച കിറ്റുകള്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ എത്താതായതോടെ നടത്തിയ അന്വേഷണത്തിലാണ് കിറ്റുകള്‍ യുഎസിലേക്ക് വഴി മാറ്റി അയച്ചതായി വ്യക്തമായത്. ചില ചൈനീസ് കമ്പനികള്‍ മാത്രമാണ് ഇത്തരം കിറ്റ് നിര്‍മിക്കുന്നത്. വലിയ ആവശ്യകതയാണ് കിറ്റുകള്‍ക്കുള്ളത്. അടുത്ത കപ്പല്‍ ഇന്ത്യയിലേക്കെത്തുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. 
നിലവില്‍ 15000 പിസിആര്‍(പോളിമെറേസ് ചെയിന്‍ റിയാക്ഷന്‍)മാത്രമേ പരിശോധനക്കായി കൈയിലുള്ളൂവെന്ന് തമിഴ്‌നാട് വ്യക്തമാക്കി. 50000 പിസിആര്‍ കിറ്റുകള്‍ ഉടന്‍ നല്‍കുമെന്നും ചൈനയില്‍ നിന്ന് എത്തിയാല്‍ 50000 കിറ്റുകള്‍ കൂടി തമിഴ്‌നാടിന് നല്‍കുമെന്നും കേന്ദ്രം വാക്കുനല്‍കിയതായി ചീഫ് സെക്രട്ടറി വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ ആയിരത്തോടടുക്കുകയാണ്. 

അതേസമയം, ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകള്‍ അമേരിക്കയില്‍ എത്തി. മലേറിയക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ കൊവിഡ് 19നെതിരെ ഉപയോഗിക്കാമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് അമേരിക്ക ഇന്ത്യയോട് മരുന്ന് ആവശ്യപ്പെട്ടത്. പ്രാദേശിക സമയം രാവിലെ ആറോടെ ന്യൂആര്‍ക്ക് വിമാനത്താവളത്തില്‍ മരുന്ന് എത്തിയതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡന്‍ തരണ്‍ജിത് സിംഗ് സന്ധു ട്വീറ്റ് ചെയ്തു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മികച്ച വിജയം നേടിയെങ്കിലും ഭൂരിപക്ഷം കുറഞ്ഞു, എബിവിപിക്ക് നിരാശ; തിരിച്ചടി ആഴത്തിൽ പഠിക്കാൻ എൻസ്‍യുഐ
ഭക്ഷ്യവിഷബാധ; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല