മണിക്കൂറുകളോളമാണ് യാത്രക്കാർ വഴിയിൽ കുടുങ്ങിക്കിടന്നത്. ഇഫ്കോ ചൗക്ക് മുതൽ നർസിംഗ്പൂർ വരെ ഏകദേശം പത്ത് കിലോമീറ്റർ നീളത്തിലാണ് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്
നരസിംഗ്പൂർ: വടക്കേ ഇന്ത്യയിൽ മഴ ശക്തമാവുന്നതിനിടെ ദേശീയ പാത 48ൽ രൂപപ്പെട്ടത് വൻ ഗർത്തം. പിന്നാലെ ഡൽഹി ജയ്പൂർ ദേശീയ പാത 48ൽ 10 കിലോമീറ്ററിലധികമാണ് ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്. ഗുരഗ്രാമിൽ സൺ ബീം കമ്പനിക്ക് സമീപത്തായി നരസിംഗ്പൂർ മേഖലയിലാണ് വലിയ കുഴി രൂപം കൊണ്ടത്. മണിക്കൂറുകളോളമാണ് യാത്രക്കാർ വഴിയിൽ കുടുങ്ങിക്കിടന്നത്. ഇഫ്കോ ചൗക്ക് മുതൽ നർസിംഗ്പൂർ വരെ ഏകദേശം പത്ത് കിലോമീറ്റർ നീളത്തിലാണ് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ഇതിന് പിന്നാലെ ജയ്‌പൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കായി ജില്ലാ ഭരണകൂടവും ട്രാഫിക് പൊലീസും പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും റൂട്ട് മാറ്റങ്ങളും ഏർപ്പെടുത്തി. മഴ ശക്തമായതിന് പിന്നാലെ ഗുരുഗ്രാമിന്റെ മറ്റ് ചില ഭാഗങ്ങളിലും റോഡ് ഇടിഞ്ഞുതാഴ്ന്നതായി റിപ്പോർട്ടുകളുണ്ട്.
ശക്തമായ മഴയെത്തുടർന്ന് ഗുരുഗ്രാമിൻ്റെ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് പ്രധാന റോഡുകളിലെ ഗതാഗത സംവിധാനത്തെ കൂടുതൽ വഷളാക്കി. ദേശീയപാതയുടെ ഉയർത്തി നിർമ്മിച്ച ഭാഗങ്ങളിൽ പോലും വാഹനങ്ങൾ ഗതാഗത കുരുക്കിൽ കുടുങ്ങി. പ്രധാന പാതയിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുമ്പോൾ, വഴിതിരിച്ചുവിട്ട വാഹനങ്ങൾ പ്രവേശിച്ചതോടെ സമീപത്തെ മറ്റ് റോഡുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഇതേത്തുടർന്ന് ഗുരുഗ്രാം ട്രാഫിക് പൊലീസ് പ്രത്യേക യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് ജയ്‌പൂരിലേക്ക് പോകുന്ന വാഹനയാത്രക്കാർ എൻ.എച്ച്-48 ലെ തകർന്ന ഭാഗം പരമാവധി ഒഴിവാക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുള്ളത്. ഡൽഹിയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ഈ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ദ്വാരക എക്സ്പ്രസ് വേ ഉപയോഗിക്കാമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ദിവസം മുഴുവൻ പെയ്ത കനത്ത മഴ ഗുരുഗ്രാമിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. പല റോഡുകളും വെള്ളത്തിനടിയിലാവുകയും ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തു.


