'മോദിക്കും അമിത് ഷായ്ക്കും രാജ്യത്തിന് വേണ്ടിയുള്ളത് മഹത്തായ കാഴ്ച്ചപ്പാട്': രത്തന്‍ ടാറ്റ

By Web TeamFirst Published Jan 16, 2020, 10:19 AM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള മറ്റ് മന്ത്രിമാര്‍ക്കും ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇത്രയധികം മികച്ച സര്‍ക്കാരിനൊപ്പം പിന്തുണയുമായി നില്‍ക്കാന്‍ അഭിമാനമുണ്ടെന്ന് രത്തന്‍ ടാറ്റ

ഗാന്ധിനഗര്‍: പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇന്ത്യയെക്കുറിച്ച് മഹത്തായ കാഴ്ചപ്പാടാണുള്ളതെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. നിലവിലെ സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിരവധി പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും രത്തന്‍ ടാറ്റ ബുധനാഴ്ച പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള മറ്റ് മന്ത്രിമാര്‍ക്കും ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇത്രയധികം മികച്ച സര്‍ക്കാരിനൊപ്പം പിന്തുണയുമായി നില്‍ക്കാന്‍ അഭിമാനമുണ്ട്. ഗാന്ധി നഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്കില്‍സിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രത്തന്‍ ടാറ്റ. സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെയാണ് ടാറ്റ ഈ സ്ഥാപനം നിര്‍മ്മിക്കുന്നത്. 20 ഏക്കറില്‍ നിര്‍മ്മിക്കുന്ന സ്ഥാപനത്തിന്‍റെ ശിലാസ്ഥാപനം അമിത്ഷായാണ് നിര്‍വ്വഹിച്ചത്. 

ഇത്തരത്തിലുള്ള മൂന്ന് സ്ഥാപനങ്ങളാണ് സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്നത്. കാന്‍പൂരിലും മുംബൈയിലുമാണ് മറ്റ് സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുന്നത്. കാന്‍പൂരിലെ ഐഐഎസിന്‍റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഡിസംബര്‍ 2016ലാണ് കാന്‍പൂരിലെ സ്ഥാപനത്തിന്‍റെ നിര്‍മ്മാണ് ആരംഭിച്ചത്. സിംഗപ്പൂരിലെ ഐടിഇഎസിന് സമാനമായിട്ടാണ് ഐഐഎസിന്‍റെ പ്രവര്‍ത്തനം ലക്ഷ്യമിടുന്നത്. 

കരസേന, ബഹിരാകാശം, ഓയില്‍, ഗ്യാസ് തുടങ്ങിയ മേഖലകളിലെ സാങ്കേതിക കഴിവുകളെ മെച്ചപ്പെടുത്തുകയാണ് സ്ഥാപനംകൊണ്ട് ലക്ഷ്യമിടുന്നത്. ഐഐഎസിന്‍റെ താല്‍ക്കാലിക ക്യാമ്പസിന്‍റെ പ്രവര്‍ത്തനം ഏറെ താമസിയാതെ തന്നെ ആരംഭിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി ചടങ്ങില്‍ വ്യക്തമാക്കി. 

click me!