സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ തൻ്റെ കരിയറും വ്യക്തിജീവിതവും തകർക്കാൻ ശ്രമിച്ചെന്നും നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു.
ഹൈദരാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി തന്നെ ബന്ധിപ്പിച്ചുണ്ടായ ഗോസിപ്പുകളിൽ ആദ്യമായി പരസ്യമായി പ്രതികരിച്ച് നടി പൂനം കൗർ. വെറുമൊരു കൈത്തറി ബിസിനസ്സ് ആവശ്യത്തിനായി അദ്ദേഹത്തെ കണ്ടതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് പൂനം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൂനം മനസ്സ് തുറന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി തന്റെ കൈപിടിച്ചു നടന്നതിനെ മോശമായി ചിത്രീകരിച്ചതിനെ പൂനം വിമർശിച്ചു. താൻ വീഴാൻ പോയപ്പോൾ സഹായിച്ചതായിരുന്നു അദ്ദേഹം. തനിക്ക് രഹസ്യമായി കുട്ടികളുണ്ടെന്നും അബോർഷൻ നടത്തിയെന്നും വരെയുള്ള അസംബന്ധങ്ങൾ പ്രചരിച്ചതായി പൂനം വെളിപ്പെടുത്തി.
തന്റെ ജീവിതം നശിപ്പിച്ചതിൽ സിനിമാ രംഗത്തെയും രാഷ്ട്രീയത്തിലെയും പ്രമുഖർക്ക് പങ്കുണ്ടെന്ന ഗൗരവകരമായ ആരോപണങ്ങളും അവര്‍ ഉന്നയിച്ചു. തന്റെ കൈത്തറി ബിസിനസ്സുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് അദ്ദേഹത്തെ കണ്ടതെന്നും ഒരു ചടങ്ങിനിടെ അല്പനേരം ഒപ്പം നടന്നതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. സിനിമയിലും രാഷ്ട്രീയത്തിലും നേരിട്ട വേട്ടയാടലുകളെക്കുറിച്ച് പൂനം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പങ്കുവെച്ചത്. കടപ്പയിൽ നിന്നുള്ള ചില വ്യക്തികൾ ഒരു പ്രമുഖ നടനെതിരെ വാര്‍ത്താസമ്മേളനം നടത്തി സംസാരിക്കാൻ തന്നെ നിർബന്ധിച്ചിരുന്നു. ഇതിനായി പണവും രാഷ്ട്രീയ പദവികളും വാഗ്ദാനം ചെയ്തു. ഇവ നിരസിച്ചപ്പോൾ തന്റെ നഗ്നചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി പൂനം പറഞ്ഞു. ഈ ആഘാതം കുടുംബത്തോടൊപ്പമിരുന്ന് നിശബ്ദമായി സഹിക്കുകയായിരുന്നുവെന്നും ഭയം കാരണം അന്ന് പോലീസിനെ സമീപിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നടൻ പോസാനി കൃഷ്ണ മുരളി നടത്തിയ ചില പ്രസ്താവനകൾ തന്റെ വ്യക്തിജീവിതത്തെ തകർത്തുവെന്നും പൂനം ആരോപിച്ചു. വിവാഹം നിശ്ചയിച്ചിരുന്ന സമയത്താണ് അദ്ദേഹം അപവാദപ്രചരണങ്ങൾ നടത്തിയത്. ഇത് കാരണം തന്റെ വിവാഹബന്ധം തകരുകയും അമ്മയ്ക്ക് ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. കൂടാതെ, സംവിധായകൻ ത്രിവിക്രം ശ്രീനിവാസിനെതിരെയും നടി രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചു. തന്റെ കരിയർ നശിപ്പിച്ചത് അദ്ദേഹമാണെന്ന് ആരോപിച്ച് മൂവി ആർട്ടിസ്റ്റ് അസോസിയേഷന് പരാതി നൽകിയെങ്കിലും അവർ അത് സ്വീകരിച്ചില്ല. വിവാദങ്ങൾ തന്റെ സിനിമാ കരിയറിനെ നിഴലിലാക്കിയെങ്കിലും ഹൈദരാബാദിൽ താമസിച്ച് തന്റെ പോരാട്ടം തുടരുമെന്നും താരം പറഞ്ഞു.


