ആഡംബരക്കപ്പലില്‍ ലഹരിപ്പാര്‍ട്ടി; സിനിമാ താരത്തിന്റെ മകനടക്കം എട്ടുപേര്‍ പിടിയില്‍

By Web TeamFirst Published Oct 3, 2021, 8:53 AM IST
Highlights

യാത്രക്കാരുടെ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ട്ടി ആരംഭിച്ചു.
 

മുംബൈ: ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ(NCB) റെയ്ഡ്. ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ (Bollywwod super star) മകനടക്കം എട്ട് പേര്‍ പിടിയിലായെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ തീരത്ത് (Mumbai Port) കോര്‍ഡിലിയ ക്രൂയിസ് ( Cordelia Cruises) എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. ഇവരില്‍ നിന്ന് കൊക്കെയിന്‍(cocaine) , ഹാഷിഷ്,(Hashish), എംഡിഎംഎ (MDMA) തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടി. പിടിച്ചെടുത്ത കപ്പല്‍ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ എത്തിക്കും. 

രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലില്‍ ശനിയാഴ്ച ലഹരിപ്പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അറസ്റ്റിലായവരെ നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് വകുപ്പ് ചുമത്തി. ഇവരെ കോടതിയില്‍ ഹാജരാക്കും. ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. 

യാത്രക്കാരുടെ വേഷത്തിലാണ് ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ട്ടി ആരംഭിച്ചു. പാര്‍ട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് പരിപാടി സംഘടിപ്പിച്ചത്.
 

click me!