
ദില്ലി: ദേശീയ ദുരിതാശ്വാസ നിധി രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് മാറ്റിയ പാർട്ടിയാണ് കോൺഗ്രസ് എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആരോപിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. പി എം കെയേഴ്സ് നിധിക്ക് അംഗീകാരം നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കൊവിഡ് പോരാട്ടത്തിനായി പി എം കെയേഴ്സിൽ നിന്ന് 3100 കോടി നൽകി. പി എം കെയേഴ്സ് രജിസ്ട്രേഡ് പൊതു ട്രസ്റ്റ് ആണ്. ആറ് വർഷത്തെ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽ പോലും അഴിമതി ആരോപണം ഉണ്ടായിട്ടില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
പി എം കെയേഴ്സിലേക്ക് സംഭാവനകൾ വരുന്നത് സുപ്രീംകോടതി ഇന്ന് ശരിവച്ചിരുന്നു. പി എം കെയേഴ്സ് നിധിയിൽ നിന്ന് ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു. കൊവിഡിനെ നേരിടാൻ കേന്ദ്ര സര്‍ക്കാരിന്‍റെ നിലവിലുള്ള പദ്ധതികൾ പര്യാപ്തമെന്നും കോടതി നിരീക്ഷിച്ചു.
പി എം കെയേഴ്സിനെതിരെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൻ നൽകിയ പൊതുതാല്പര്യ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. പി എം കെയേഴ്സ് രൂപീകരിച്ചത് നിയമവിരുദ്ധമായാണ്. അതുകൊണ്ട് പി എം കെയേഴ്സിലേക്ക് ലഭിച്ച മുഴുവൻ പണവും ദേശീയ
ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ പി.എം.കെയേഴ്സിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം മാറ്റണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അക്കാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പി.എം.കെയേഴ്സിലേക്ക് സംഭാവനകൾ നൽകുന്നത് തടയാനാകില്ല. അതുപോലെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനും യാതൊരു തടസ്സമില്ല. ട്രസ്റ്റായി രൂപീകരിച്ചിരിക്കുന്ന പി.എം.കെയേഴ്സിലേക്ക് വരുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റേണ്ട സാഹചര്യം നിയമപരമായി പരിശോധിച്ചാലും ഇല്ല.
കൊവിഡിനെ നേരിടാൻ പുതിയൊരു ദുരിതാശ്വാസ പദ്ധതിയുടെ ആവശ്യമില്ലെന്നും നിലവിലുള്ളത് പര്യാപ്തമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ കോടതി വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് പി.എം.കെയേഴ്സിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam