ഗോവ ഗവർണർ സത്യപാൽ മാലിക്കിനെ മേഘാലയിലേക്ക് സ്ഥലംമാറ്റി

By Web TeamFirst Published Aug 18, 2020, 12:15 PM IST
Highlights

2019 നവംബറിലാണ് മാലിക്കിനെ ഗോവയില്‍ ഗവര്‍ണറായി നിയമിച്ചത്. അതിന് മുന്‍പ് ജമ്മു കശ്മീര്‍ സംസ്ഥാനത്തെ അവസാന  ഗവര്‍ണറായിരുന്നു സത്യപാൽ മാലിക്ക്.

പനാജി: ഗോവ ഗവർണ്ണർ സത്യപാൽ മല്ലിക്കിന് സ്ഥലം മാറ്റം. ഗോവ ഗവർണർ സത്യപാൽ മാലിക്കിനെ മേഘാലയ ഗവർണറായി നിയമിച്ചു. മഹാരാഷ്ട്ര ഗവർണര്‍ ഭഗത് സിംഗ് കോഷ്യാരിക്കാണ് ഗോവയുടെ അധിക ചുമതല നൽകി. ഗോവയിലെ ബിജെപി സർക്കാരിനെ ഗവർണ്ണർ വിമർശിച്ചത് വിവാദമായിരുന്നു. പ്രസിഡന്‍റ് രാം നാഥ് കോവിന്ദാണ്  സത്യപാൽ മല്ലിക്കിന്‍റെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

2019 നവംബറിലാണ് മാലിക്കിനെ ഗോവയില്‍ ഗവര്‍ണറായി നിയമിച്ചത്. അതിന് മുന്‍പ് ജമ്മു കശ്മീര്‍ സംസ്ഥാനത്തെ അവസാന  ഗവര്‍ണറായിരുന്നു സത്യപാൽ മാലിക്ക്. ജമ്മു കശ്മീര്‍ സംസ്ഥാനം രണ്ട് കേന്ദ്ര ഭരണപ്രദേശമായി വിഭാജിച്ചതോടെ അവിടെ നിന്നും ഗോവയിലേക്ക് ഇദ്ദേഹം മാറി 2019 നവംബറില്‍ ഗോവയില്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു.

1965 ല്‍ തന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം. ലോക്ദള്‍ സ്ഥാനാര്‍ത്ഥിയായി 1980ല്‍ രാജ്യസഭയില്‍ എത്തി. പിന്നീട് 1986 ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയില്‍ എത്തി. പിന്നീട് ബിജെപിയില്‍ ചേര്‍ന്ന ഇദ്ദേഹം ഒരു തവണ ലോക്സഭയിലും എത്തിയിട്ടുണ്ട്. 

ഗോവയിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി ഉണ്ടായ പടലപ്പിണക്കങ്ങളാണ് സത്യപാൽ മാലിക്കിന്‍റെ സ്ഥലം മാറ്റത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. ജൂലൈ മധ്യത്തില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പരസ്യമായിരുന്നു.

നേരത്തെ പുതിയ രാജ് ഭവന്‍ നിര്‍മ്മിക്കാനുള്ള ഗോവ സര്‍ക്കാര്‍ തീരുമാനത്തെ ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. ഗവര്‍ണറുടെ വിയോജിപ്പ് പ്രതിപക്ഷവും ഗോവ സര്‍ക്കാറിനെതിരെ ആയുധമാക്കിയിരുന്നു.

click me!