
ദില്ലി: ഇന്ത്യയില്‍ ജനാധിപത്യം തകര്‍ന്നെന്ന രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ സംവാദത്തിലെ വിമര്‍ശനത്തിനെതിരെ ബി ജെ പി രംഗത്ത്. വിദേശത്ത് പോയി നുണകള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാമെന്ന് ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. ജനപ്രതിനിധിയായ രാഹുല്‍ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ബി ജെ പി നേതൃത്വം വ്യക്തമാക്കി. ഫാസിസ്റ്റ് സംഘടനയായ ആർ എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് മത്സരത്തിന്‍റെ സ്വഭാവം അട്ടിമറിക്കപ്പെട്ടെന്നും പ്രതിപക്ഷത്തിന്‍റെ മൈക്ക് പതിവായി ഓഫ് ചെയ്യുന്നതിനാല്‍ പാര്‍ലമെന്‍റില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരാറില്ലെന്നും ലണ്ടനിലും ബ്രിട്ടണിലുമായി നടത്തിയ സംവാദങ്ങളില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ചാരസോഫ്റ്റ് വെയറായ പെഗാസെസിലൂടെ പ്രതിപക്ഷത്തിന്‍റെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആക്ഷേപവും രാഹുല്‍ ലണ്ടനിൽ വച്ച് ഉയര്‍ത്തിയിരുന്നു.
എന്നാൽ രവിശങ്കർ പ്രസാദിന്‍റെ പ്രസ്താവനയ്ക്ക് ട്വിറ്ററിൽ തിരിച്ചടിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസും രംഗത്തെത്തി. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങൾക്കായി ശബ്ദമുയർത്തുകയും രാജ്യത്ത് ജനാധിപത്യത്തെ സംരക്ഷിക്കുകയും ചെയ്യേണ്ടത് ലോകത്തെവിടെയുമുള്ള ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. മിസ്റ്റർ രവിശങ്കർ പ്രസാദും അദ്ദേഹത്തിന്‍റെ നേതാവ് ചെയ്യുന്നത് തന്നെയാണ് പിന്തുടരുന്നതെന്നായിരുന്നു കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ട്വിറ്ററിൽ കുറിച്ചത്. വളച്ചൊടിക്കുക, വളച്ചൊടിക്കുക, അപകീർത്തിപ്പെടുത്തുക, പരസ്യമായി കള്ളം പറയുക എന്നിവയാണ് അക്കാര്യങ്ങളെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
രാഹുൽ ലണ്ടനിൽ പറഞ്ഞത്
താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയിലാണ് രാഹുല്‍ ഗാന്ധി ആദ്യം പ്രസംഗിച്ചത്. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിലെന്നും രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. ചാരസോഫ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ലണ്ടനിൽ വച്ച് വെളിപ്പെടുത്തിയിരുന്നു.
സർക്കാരിനെ ചോദ്യം ചെയ്യുന്നവർ ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നുവെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയോ അദ്ദേഹം അന്ധമായി പിന്തുണയ്ക്കുന്നവരെയോ ചോദ്യം ചെയ്താൽ ആക്രമിക്കപ്പെടും. ബി ബി സി വിഷയത്തിലും ഇന്ത്യയിൽ ഇതാണ് സംഭവിച്ചതെന്നും രാഹുൽ ലണ്ടനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. മാധ്യമ സ്വാതന്ത്ര്യത്തിൽ മോദി സർക്കാർ കൈകടത്തുകയാണെന്നും രാഹുൽ വിമർശിച്ചിരുന്നു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ബി ബി സി ഡോക്യുമെന്‍റിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി ജെ പി നേതാക്കളെയും ചൊടിപ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ചെയ്ത കാര്യങ്ങളാണ് രണ്ട് ഭാഗങ്ങളുള്ള ബി ബി സി ഡോക്യുമെന്‍ററിയിൽ ചൂണ്ടികാട്ടിയതെന്നും രാഹുൽ പറഞ്ഞു. ബി ബി സി ഡോക്യുമെന്‍ററിയായ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' രാജ്യത്ത് പ്രദർശിപ്പിക്കാൻ സമ്മതിക്കാത്തതടക്കമുള്ള കാര്യങ്ങളും ചൂണ്ടികാട്ടി രാഹുൽ, പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. ഇതൊക്കെ ചൂണ്ടികാട്ടിയാകും ബി ജെ പി അവകാശലംഘന നോട്ടീസ് നൽകുക.