ബി ബി സി വിഷയത്തിലും ഇന്ത്യയിൽ ഇതാണ് സംഭവിച്ചതെന്നും രാഹുൽ ലണ്ടനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു

ലണ്ടൻ: സർക്കാരിനെ ചോദ്യം ചെയ്യുന്നവർ ഇന്ത്യയിൽ ആക്രമിക്കപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയോ അദ്ദേഹം അന്ധമായി പിന്തുണയ്ക്കുന്നവരെയോ ചോദ്യം ചെയ്താൽ ആക്രമിക്കപ്പെടും. ബി ബി സി വിഷയത്തിലും ഇന്ത്യയിൽ ഇതാണ് സംഭവിച്ചതെന്നും രാഹുൽ ലണ്ടനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിൽ മോദി സർക്കാർ കൈകടത്തുകയാണെന്നും രാഹുൽ വിമർശിച്ചു.

നിത്യാനന്ദയുടെ 'കൈലാസ'ത്തിന് തിരിച്ചടി, കരാറിൽ നിന്ന് അമേരിക്കൻ നഗരം പിന്മാറി; കാരണവും വ്യക്തമാക്കി!

2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ബി ബി സി ഡ‍ോക്യുമെന്‍റിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി ജെ പി നേതാക്കളെയും ചൊടിപ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ചെയ്ത കാര്യങ്ങളാണ് രണ്ട് ഭാഗങ്ങളുള്ള ബി ബി സി ഡോക്യുമെന്‍ററിയിൽ ചൂണ്ടികാട്ടിയതെന്നും രാഹുൽ പറഞ്ഞു. ബി ബി സി ഡോക്യുമെന്‍ററിയായ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' രാജ്യത്ത് പ്രദർശിപ്പിക്കാൻ സമ്മതിക്കാത്തതടക്കമുള്ള കാര്യങ്ങളും ചൂണ്ടികാട്ടി രാഹുൽ, പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം പെഗാസെസ് വിഷയത്തിലെ രാഹുൽ ഗാന്ധിയുടെ പരാമർശം വലിയ ചർച്ചയായി മാറിയിരുന്നു. താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയിലാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിലെന്നും രാഹുൽ അഭിപ്രായപ്പെട്ടിരുന്നു. ചാരസോഫ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും, കരുതലോടെ സംസാരിക്കണമെന്നും ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ വെളിപ്പെടുത്തിയിരുന്നു.

രാഹുലിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ ബി ജെ പി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാഹുലിന്‍റെ വാക്കുകള്‍ക്ക് ഇന്ത്യയില്‍ പോലും വിലയില്ലെന്ന് തിരിച്ചടിച്ചാണ് ബി ജെ പി നേതാക്കൾ പ്രതിരോധമുയര്‍ത്തിയത്. ആരോപണം ഉന്നയിക്കുന്ന രാഹുല്‍ എന്തുകൊണ്ട് ഫോണ്‍ അന്വേഷണത്തിനായി കൈമാറിയില്ലെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ ചോദ്യം.

YouTube video player