വിരാല്‍ ആചാര്യയുടെ രാജിയില്‍ വിശദീകരണവുമായി റിസര്‍വ് ബാങ്ക്

By Web TeamFirst Published Jun 24, 2019, 4:45 PM IST
Highlights

ഇന്ത്യന്‍ സമ്പദ്ഘടനയെ നിയന്ത്രിക്കാനുളള റിസര്‍വ് ബാങ്കിന്‍റെ സ്വാതന്ത്ര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുകയാണെന്നും റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ദില്ലി: ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ വി ആചാര്യ രാജിവച്ചത് വ്യക്തിപരമായ കാരണങ്ങളാലെന്ന് റിസര്‍ബാങ്ക് വിശദീകരണം. ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണറായ വിരാല്‍ വി ആചാര്യ രാജിവച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ആര്‍ ബി ഐ രംഗത്തെത്തിയത്.

ആഴ്ചകള്‍ക്ക് മുമ്പേ 2019 ജൂലൈ 23 മുതല്‍ സ്ഥാനത്ത് തുടരാനാകില്ലെന്ന് വിരാല്‍ കത്ത് നല്‍കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെക്കുന്നതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നെന്നും ആര്‍ ബി ഐ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. അദ്ദേഹത്തിന്‍റെ കത്ത് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരിഗണനക്കായി നല്‍കിയിരുന്നുന്നെന്നും ആര്‍ ബി ഐ അറിയിച്ചു. 2017 ജനുവരിയിലാണ് വിരാല്‍ വി ആചാര്യ മൂന്ന് വര്‍ഷത്തേക്ക് ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനമേല്‍ക്കുന്നത്. കാലാവധി പൂര്‍ത്തിയാകാന്‍ ആറ് മാസം ശേഷിക്കെയാണ് രാജി. 

ആചാര്യ ഓഗസ്റ്റില്‍ ന്യൂയോർക്ക് യൂണിവേഴ്സിറ്റി സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസില്‍ അധ്യാപകനായി മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
റിസര്‍വ് ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ വിരാല്‍ വി ആചാര്യ രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ സമ്പദ്ഘടനയെ നിയന്ത്രിക്കാനുളള റിസര്‍വ് ബാങ്കിന്‍റെ സ്വാതന്ത്ര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുകയാണെന്നും റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

click me!