കോണ്‍ഗ്രസിലെ തിരുത്തല്‍ വാദികള്‍ ശക്തി പ്രകടനത്തിന്; ജമ്മുകശ്മീരില്‍ നിന്ന് തുടക്കം

By Web TeamFirst Published Feb 26, 2021, 10:55 AM IST
Highlights

ഗുലാബ് നബി ആസാദിന് പിസിസി ഇതര സംഘടനകള്‍ നല്‍കുന്ന സ്വീകരണത്തില്‍ വിമത സ്വരമുയര്‍ത്തിയ ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. 

ശ്രീനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ കോണ്‍ഗ്രസിലെ തിരുത്തല്‍ വാദികളായ നേതാക്കള്‍ ശക്തി പ്രകടനത്തിന്  ഒരുങ്ങുന്നു. ഗുലാംനബി ആസാദിന് ജമ്മുകശ്മീരില്‍ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുത്ത് ഹൈക്കമാന്‍ഡിന് ശക്തമായ മുന്നറിയിപ്പ് നല്‍കാനാണ് നീക്കം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടിയാലോചനകളില്‍ നിന്ന് ഒഴിവാക്കിയതിലുള്ള പ്രതിഷേധം കൂടിയാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. 

രാജ്യസഭയില്‍ കാലാവധി കഴിഞ്ഞെത്തുന്ന ഗുലാംനബി ആസാദിന് വലിയ സ്വീകരണമൊരുക്കിയാണ് വിമതരുടെ ശക്തിപ്രകടനം. ഗുലാംനബിക്കൊപ്പം നേതൃത്വത്തെ തിരുത്താന്‍ ശ്രമിച്ച ആനന്ദ്ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ തുടങ്ങിയ നേതാക്കളും ശനി, ഞായര്‍ ദിവസങ്ങളില്‍ ജമ്മുകശ്മീരില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. 

കോണ്‍ഗ്രസ് കശ്മീര്‍ ഘടകത്തിന്‍റെ അറിവില്ലാതെ നടത്തുന്ന പരിപാടിയോടെ നീക്കം കൂടുതല്‍ ശക്തമാക്കാനാണ് തിരുത്തല്‍വാദികളുടെ തീരുമാനം. നാല് സംസഥാനങ്ങളിലേക്കും പുതിച്ചേരിയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആലോചനകളിലേക്കൊന്നും ഈ നേതാക്കളെ ഹൈക്കമാന്‍ഡ് അടുപ്പിച്ചിട്ടില്ല.

തമിഴ്നട്ടില്‍ ഡിഎംകെയുമായുള്ള സീറ്റ് ചര്‍ച്ചയില്‍ നിന്ന് ഗുലാംനബി ആസാദിനെ ഒഴിവാക്കി രണ്‍ദീപ് സിംഗ് സുര്‍ജേവാലക്ക് ചുമതല നല്‍കുകയും ചെയ്തു. നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്ന് കഴിഞ്ഞ ഡിസംബറില്‍ സോണിയ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിലുള്ള അമര്‍ഷം പരസ്യമായി പ്രകടിപ്പിക്കാന്‍ കൂടിയാണ് നേതാക്കള്‍ ശക്തി പ്രകടനത്തിനിറങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ സമാന മനസ്കരുമായി നേതാക്കള്‍ ആശയവിനിമയം നടത്തുന്നുവെന്നാണ് വിവരം.
 

click me!