Chennai mayor : പദവി കഷ്ടപ്പെടുന്ന എല്ലാ സ്ത്രീകൾക്കുമുള്ള അംഗീകാരം: ചെന്നൈയുടെ 'തലൈവി' മേയർ പറയുന്നു

Published : Mar 06, 2022, 06:35 PM ISTUpdated : Mar 06, 2022, 06:47 PM IST
Chennai mayor : പദവി കഷ്ടപ്പെടുന്ന എല്ലാ സ്ത്രീകൾക്കുമുള്ള അംഗീകാരം: ചെന്നൈയുടെ 'തലൈവി' മേയർ പറയുന്നു

Synopsis

333 വ‍ർഷം പഴക്കമുള്ള ചെന്നൈ കോർപ്പറേഷന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു ദളിത് വനിത സ്ഥാനമേറ്റിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. 28കാരിയായ ആർ. പ്രിയയാണ് ചെന്നൈയുടെ പുതിയ തലൈവി

ചെന്നൈ: 333 വ‍ർഷം പഴക്കമുള്ള ചെന്നൈ കോർപ്പറേഷന്‍റെ (Chennai Corporation)  ചരിത്രത്തിൽ ആദ്യമായി ഒരു ദളിത് വനിതാ മേയർ ( Chennai mayor ) സ്ഥാനമേറ്റിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. 28കാരിയായ ആർ. പ്രിയയാണ് ചെന്നൈയുടെ പുതിയ തലൈവി. കഷ്ടപ്പെടുന്ന എല്ലാ വനിതകൾക്കുമുള്ള അംഗീകാരമാണ് തന്‍റെ മേയർ സ്ഥാനമെന്ന് വനിതാ ദിനത്തിൽ പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വടചെന്നൈ എന്ന ദേശത്തിന് തമിഴ്നാട്ടിൽ വില്ലൻ പരിവേഷമാണ്. ഗുണ്ടാ ഗാംഗുകളുടേയും അധോലോകത്തിന്‍റേയും വിളനിലമെന്നാണ് കേൾവി. ഒട്ടൊക്കെ തമിഴ് മുഖ്യധാരാ സിനിമ ചാർത്തിക്കൊടുത്ത പരിവേഷം. അവിടെനിന്നാണ് ശിങ്കാര ചെന്നൈയുടെ പുതിയ നായിക വരുന്നത്. ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയർ, മേയറാകുന്ന ആദ്യ ദളിത് വനിത. ഇരുപത്തിയെട്ടുവയസുള്ള, എംകോം ബിരുദധാരിയായ പ്രിയ.

സിറ്റി ഓഫ് ലണ്ടൻ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും പ്രായമുള്ള കോർപ്പറേഷനായ ചെന്നൈയുടെ മേയർ സ്ഥാനം ദളിത് വനിതയ്ക്ക് സംവരണം ചെയ്തുകൊണ്ട് കഴിഞ്ഞ ജനുവരിയിലാണ് സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കിയത്. പഠനകാലത്തേ പാർട്ടി കേഡറാണെങ്കിലും തെരഞ്ഞെടുപ്പ് അങ്കത്തിലിതാദ്യം, ജയം, മഹാനഗരത്തിന്‍റെ കടിഞ്ഞാണേൽക്കാൻ നിയോഗം. കഷ്ടപ്പെടുന്ന എല്ലാ സ്ത്രീകളുടേയും വിജയമാണ് തന്‍റെ പദവിയെന്ന് പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

ചൈന്നൈയെ നയിക്കാൻ പാ‍ർട്ടി നിയോഗിച്ച യംഗ് ബ്രിഗേഡിന്‍റെ തലൈവിയാകുമ്പോൾ പ്രിയയുടെ വാക്കുകളിൽ ഇരുപത്തിയെട്ടുവയസിന്‍റെ പകപ്പല്ല, ഏറ്റെടുത്ത ഉത്തരവാദിത്തം ഉൾക്കൊള്ളുന്ന തഴക്കം. സീനിയർ നേതാക്കളെ ഉൾപ്പെടെ ഒറ്റക്കെട്ടായി നയിക്കും. ചെന്നൈ മേയർ പദവി തമിഴ്നാടിന്‍റെ മുഖ്യധാരാ രാഷ്ട്രീയത്തിന്‍റെ ഒന്നാം നിരയിലേക്കുള്ള ആദ്യ പടിയാണ്. ഇപ്പോഴത്തെ തമിഴ്നാട് മന്ത്രിസഭയിലെ രണ്ട് പേർ ചെന്നൈ മുൻ മേയർമാരാണ്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യനും. ആ വഴിയേ ഇനി പ്രിയയും.

എംകോം ബിരുദധാരി, ചെന്നൈയുടെ ആദ്യ ദളിത് മേയര്‍; 'വട ചെന്നൈയില്‍ നിന്ന്' പൊരുതി ജയിച്ച പ്രിയ !

തമിഴ്നാട് രാഷ്ട്രീയം അടിമുടി മാറ്റത്തിന്‍റെ പാതയിലാണ്. ഡിഎംകെ അധികാരത്തിലേറി എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായതോടെ വിപ്ലവകരമായ മാറ്റങ്ങളാണ് തമിഴ്നാട്ടില്‍ സംഭവിക്കുന്നത്. അതിലൊന്നാണ് ചെന്നൈയുടെ പുതിയ മേയര്‍. കന്നി അങ്കത്തില്‍ ജയിച്ച ഇരുപത്തിയെട്ടുകാരി ആര്‍ പ്രിയ എന്ന ദളിത് യുവതിയാണ് ചെന്നൈ നഗരസഭയുടെ പുതിയ മേയര്‍. ചെന്നൈ നഗരസഭ രൂപീകരിച്ച ശേഷമുള്ള ചരിത്ര തീരുമാനമാണ് പ്രിയയുടെ മേയര്‍ പദവി. 333 വർഷത്തെ ചെന്നൈ കോർപ്പറേഷന്‍റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ദളിത് വനിത മേയറാകുന്നത്.

ഇന്ന് നഗരസഭ ആസ്ഥാനത്തെത്തി ആര്‍ പ്രിയ ചെന്നൈയുടെ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റി. കോര്‍പ്പറേഷന്‍ കമ്മീഷ്ണര്‍ ആയ ഗംഗദീപ് സിംഗ് ബേദി മേയറ്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡിഎംകെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ആര്‍കെ ശേഖര്‍, എംഎ സുബ്രഹ്മണ്യന്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.  ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറാണ് പ്രിയ. താരാ ചെറിയാനും കാമാക്ഷി ജയരാമനുമാണ് ഇതിന് മുമ്പ് മേയർ സ്ഥാനത്ത് എത്തിയ വനിതകൾ. വടക്കൻ ചെന്നൈയിലെ   മം​ഗലപുരത്തെ 74-ാം വാർഡിൽ നിന്നാണ് എം കോം ബിരുദധാരിയായ പ്രിയ കന്നി അങ്കത്തില്‍ ജയിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയിൽ ചെന്നൈ മേയർ സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തു കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് മേയര്‍ പദവി പ്രിയയ്ക്ക് ലഭിക്കുന്നത്.

18 വയസ്സ് മുതൽ പാർട്ടി കേഡറാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രിയയുടെ ആദ്യ ചുവടായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്. വടക്കൻ ചെന്നൈയില്‍ നിന്നും  മേയ‍ർ പദവിയിലേക്ക് എത്തുന്ന ആദ്യ വനിത കൂടിയാണ് പ്രിയ ചെന്നൈ ന​ഗരത്തിൻ്റെ പകിട്ടുകളിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന ഒരു മേഖലയാണ് വടചെന്നൈ എന്നറയിപ്പെടുന്ന വടക്കൻ ചെന്നൈ. തമിഴ് സിനിമകളിൽ റൗഡികളുടേയും ​ഗുണ്ടകളുടേയും കോട്ടയായിട്ടാണ് ഈ പ്രദേശത്തെ പതിവായി ചിത്രീകരിക്കാറുള്ളത്.

 
എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത അനവധി പ്രദേശങ്ങൾ വടക്കൻ ചെന്നൈയിലുണ്ട്. കുടിവെള്ളലഭ്യത, വൈദ്യുതിക്ഷാമം, ശുചിമുറികളുടെ അഭാവം,മോശം റോഡുകൾ തുടങ്ങി അനവധി പ്രശ്നങ്ങളാണ് മേഖലയിലെ ജനങ്ങൾ നേരിടുന്നത്. ഈ സാഹചര്യത്തിൽ വടക്കൻ ചെന്നൈയിൽ നിന്നും ഒരു യുവ മേയ‍ർ വരുന്നത് വലിയ പ്രതീക്ഷയോടെയാണ് ന​ഗരവാസികളും കാണുന്നത്. താന്‍ പ്രതിനിധീകരിക്കുന്ന വട ചെന്നൈയിലെ ജനങ്ങള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാകും മേയറെന്ന നിലയില്‍ പ്രിയ നേരിടുന്ന പ്രധാന വെല്ലുവിളിയും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല