മഹാരാഷ്ട്രയിൽ മഴക്കെടുതി രൂക്ഷം; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Published : Jul 06, 2026, 06:54 PM IST
mumbai heavy rainfall landslide deaths imd red alert mumbai pune train disruption school closure

Synopsis

മഹാരാഷ്ട്രയിൽ കനത്ത മഴ. മുംബൈ അടക്കമുള്ള അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈ, താനെ, പാൽഘർ, പുണെ, സത്താറ എന്നീ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുംബൈ അടക്കമുള്ള അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുംബൈ മാൻഖുർദിൽ കെട്ടിടം തകർന്ന് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് പുണെ-മുംബൈ എക്സ്പ്രസ് വേയും പ്രധാന ദീർഘദൂര ട്രെയിൻ സർവീസുകളും പൂർണ്ണമായി തടസ്സപ്പെട്ടു.

കഴിഞ്ഞ ആറു ദിവസമായി മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുകയാണ്. മണിക്കൂറില്‍ 70- 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാൽ മുംബൈ, താനെ, പാൽഘർ, പുണെ, സത്താറ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നല്‍കി. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് ദുരന്തനിവാരണ സേനയുടെ കർശന നിർദേശമുണ്ട്. പരമാവധി ജീവനക്കാരോട് വര്‍ക് ഫ്രം ഹോം എടുക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുലർച്ചെ പുണെ-മുംബൈ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഇതുവരെ 16 ട്രെയിനുകളാണ് മേഖലയിൽ റദ്ദാക്കിയത്. ഇന്നലെ റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്ന് ഛത്രപതി ശിവജി ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ പ്രവർത്തനങ്ങൾ ഒരു മണിക്കൂര്‍ നേരത്തേക്ക് തടസപ്പെട്ടു. ഇന്ന് പുലർച്ചെ പുണെ-മുംബൈ എക്സ്പ്രസ് വേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് എക്സ്പ്രസ് വേ പൂർണമായി അടച്ചു. അപകടസാധ്യത കണക്കിലെടുത്ത് മേഖലയിൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്. മഹാബലേശ്വറിൽ പാലം തകർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. അവിടെ കുടുങ്ങിപ്പോയ വിനോദസഞ്ചാരികളെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തനം തുടങ്ങി.

ഇന്നലെ രാത്രി മുംബൈയിലെ മാൻഖുർദിൽ ബഹുനില കെട്ടിടം തകർന്ന് 5 കുട്ടികൾ ഉൾപ്പെടെ 6 പേരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ ചികിത്സയിൽ തുടരുകയാണ്. ഇതോടെ മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇതിനിടെ പുതിയ റോഡുകളും ഹൈവേകളും തകർന്നത് സർക്കാരിന്റെ അഴിമതിയും മോശം നിർമാണവും കാരണമാണെന്ന് എൻ സി പി ആരോപിച്ചു. അടുത്തിടെ തുറന്ന പൂനെ-മുംബൈ എക്സ്പ്രസ് വേയിലെ 6700 കോടി രൂപയുടെ 'മിസ്സിംഗ് ലിങ്ക്' പദ്ധതി ആദ്യ മഴയിൽ തന്നെ തകർന്നതിനെതിരെയാണ് വിമർശനം. അഴിമതി ആരോപണങ്ങൾ ശക്തമായതോടെ വസായ്-വിരാർ മേഖലയിലെ ഡ്രെയിനേജ് ക്രമക്കേടുകളെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് എട്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയോധ്യ സംഭാവനക്കൊള്ള; ചമ്പത്റായിക്കെതിരെ കുരുക്ക് മുറുകുന്നു, മുഖം നഷ്ടമായതോടെ വിശ്വാസം തിരികെ പിടിക്കാൻ രാമജന്മഭൂമി ട്രസ്റ്റ്
ജലാലാബാദ് ഇനി പരശുരാംപുരി; ഉത്തർപ്രദേശിൽ വീണ്ടും പേരുമാറ്റം; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം