
ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച സാഹചര്യത്തിൽ വടക്കൻ തീരദേശ മേഖലയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ തീരദേശ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവാസ്ഥാ വിഭാഗം അറിയിച്ചു. അതേസമയം ആന്ധ്രാപ്രദേശിലെ തീരദേശ മേഖലയിലും ഇന്നും നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും നാളെയോടെ മിഷോങ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഈ സാഹചര്യത്തിൽ മിഷോങ് ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കം തമിഴ്നാട് സർക്കാർ ഊർജ്ജിതമാക്കിയിരുന്നു. നിശ്ചിത ജില്ലകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട് മുൻനിർത്തി ചെന്നൈ അടക്കം 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തമിഴ്നാട് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. പുതുച്ചേരിയിലും ജാഗ്രത നിർദ്ദേശമുണ്ട്. തിങ്കളാഴ്ച പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബർ നാലിന് രാവിലെയോടെ മിഷോങ് ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശിനും, ചേർന്നുള്ള വടക്കൻ തമിഴ്‌നാട് തീരത്തിനും സമീപം പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിൽ എത്തും. തുടര്‍ന്ന്ഏതാണ്ട് സമാന്തരമായും തെക്കൻ ആന്ധ്രാപ്രദേശ് തീരത്തോട് ചേർന്ന് വടക്കോട്ട് നീങ്ങുകയും ഡിസംബർ 5 ന് ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ തെക്കൻ ആന്ധ്രാപ്രദേശ് തീരം കടക്കാനുമാണ് സാധ്യതയെന്നുമാണ് ഐഎംഡി ഏറ്റവും പുതിയ ബുള്ളറ്റിനിൽ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം