കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാളിമുത്തുവിനെ ശനിയാഴ്ച ദിണ്ടിഗൽ ജയിലിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടു വരുന്നതിനിടെ അഴകുരാജയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു
പെരമ്പല്ലൂർ: തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം. പെരമ്പല്ലൂരിൽ ഗുണ്ടാനേതാവിനെ പൊലീസ് വെടിവച്ചു കൊന്നു. പോലീസുകാർക്ക് നേരേ അടക്കം പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ അറസ്റ്റിലായ അഴകുരാജ എന്ന കോട്ടു രാജയെ ആണ് പൊലീസ് കൊലപ്പെടുത്തിയത്. 30 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാളിമുത്തുവിനെ ശനിയാഴ്ച ദിണ്ടിഗൽ ജയിലിൽ നിന്ന് ചെന്നൈയിലേക്ക് കൊണ്ടു വരുന്നതിനിടെ അഴകുരാജയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു. തിരുമാന്തുറായി ടോൾ പ്ലാസയോട് ചേർന്നുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആയിരുന്നു പെട്രോൾ ബോംബ് എറിഞ്ഞുള്ള ആക്രമണം. 10 റൗണ്ട് വെടിയുതിർത്ത പൊലീസ് ഗുണ്ടകളെ തുരത്തിയെങ്കിലും രണ്ട് പൊലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
സംഭവത്തിൽ തമിഴ്നാട് പൊലീസിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നതിന് പിന്നാലെ പ്രതികളായ അഴഗുരാജയ്യയും മറ്റ് 6 പേരെയും ഊട്ടിയിലെ ഒളിവിടത്തിൽ നിന്ന് ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആയുധങ്ങൾ കണ്ടെടുക്കാനായി അഴകുരാജയെ ഇന്ന് പുലർച്ചെ പെരമ്പല്ലൂറിലെ വനമേഖലയിലേക്ക് കൊണ്ടു പോയപ്പോൾ ആയിരുന്നു ഏറ്റുമുട്ടൽ കൊല. പൊലീസിന് നേരേ നാടൻ ബോംബ് എറിഞ്ഞ് അഴകുരാജ് രക്ഷപെടാൻ ശ്രമിച്ചെന്നും ഇൻസ്‌പെക്ടർ നന്ദകുമാരിന് പ്രാണരക്ഷാർത്ഥം വെടി വയ്ക്കേണ്ടി വന്നുവെന്നുമാണ് ഔദ്യോഗിക ഭാഷ്യം. തലയിൽ വെടിയേറ്റ അഴകുരാജ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരിക്കേറ്റ എസ് ഐശങ്കർ ആശുപത്രിയിൽ ചികിത്സയിൽ ആണ്. മധുര, തൂത്തുക്കുടി ജില്ലകളിലായി 5 കൊലകേസുകളിൽ പ്രതിയാണ് അഴകുരാജ്.


