പിഎന്‍ബി തട്ടിപ്പ്; നീരവ് മോദിയുടെ സഹോദരന് റെഡ് കോര്‍ണര്‍ നോട്ടീസ്

By Web TeamFirst Published Sep 13, 2019, 11:53 AM IST
Highlights

തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകള്‍ നശിപ്പിക്കുന്നതിന് ഉള്‍പ്പെടെ നേഹല്‍ നീരവ് മോദിയെ സഹായിച്ചതായി  എന്‍ഫോഴ്സ്‍മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരന്‍ നേഹല്‍ മോദിക്ക് ഇന്‍റര്‍പോളിന്‍റെ റെഡ് കോര്‍ണര്‍ നോട്ടീസ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് ബെല്‍ജിയം പൗരനായ നേഹല്‍ മോദിക്ക് നോട്ടീസയച്ചത്. 

കള്ളപ്പണം വെളുപ്പിച്ചതാണ് 40 കാരനായ നേഹലിനെതിരെ ആരോപിക്കപ്പെട്ട കുറ്റം. ഇയാള്‍ ഇപ്പോള്‍ യുഎസിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് തെളിവുകള്‍ നശിപ്പിക്കുന്നതിന് ഉള്‍പ്പെടെ നേഹല്‍ നീരവ് മോദിയെ സഹായിച്ചതായി  എന്‍ഫോഴ്സ്‍മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നേഹല്‍ മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ ഇന്‍റര്‍പോളിനോട് ആവശ്യപ്പെട്ടിരുന്നു. 

ദുബായിലും ഹോങ് കോങ്ങിലുമുള്ള ഡമ്മി ഡയറക്ടര്‍മാരുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചതും ഇവര്‍ക്ക് കെയ്‍റോയിലേക്ക് ടിക്കറ്റ് തരപ്പെടുത്തി നല്‍കിയതും നേഹല്‍ മോദിയാണെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരാതിയില്‍ പറയുന്നു. 

കുറ്റകൃത്യങ്ങള്‍, കുറ്റവാളികള്‍, രാജ്യത്തിനെതിരായ ഭീഷണികള്‍ തുടങ്ങിയവയെക്കുറിച്ചറിയാന്‍ ഇന്റര്‍പോള്‍ പുറപ്പെടുവിക്കുന്ന നോട്ടീസുകളില്‍ പ്രധാനപ്പെട്ടതാണ് റെഡ് കോര്‍ണര്‍ നോട്ടീസ്. ലോകത്തെവിടെ വെച്ചും കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദമുള്ള ഉന്നത നോട്ടീസാണിത്. 

Exclusive- Interpol issues Red Notice against Nirav Modi's brother Nehal Modi in connection with the Rs 13,600 crore bank fruad at Punjab National Bank

— Khushboo Narayan (@khushboo_n)
click me!