18 മാസം ചീറിപ്പാഞ്ഞ ചുവന്ന ഫെരാരി പിടിച്ചെടുത്ത് ആർടിഒ; മഹാരാഷ്ട്ര രജിസ്ട്രേഷൻ കാറിന് ചുമത്തിയത് 1.41 കോടി പിഴ

Published : Jul 04, 2025, 08:31 AM IST
Bengaluru Ferrari Car

Synopsis

നികുതി അടയ്ക്കാതെ കർണാടകയിൽ ഓടിയ ഫെരാരി കാർ ബെംഗളൂരു ആർടിഒ പിടികൂടി. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത കാറിന്റെ ഉടമയിൽ നിന്ന് 1.41 കോടി രൂപ പിഴ ഈടാക്കി. 

ബെംഗളൂരു: റോഡ് നികുതി അടയ്ക്കാതെ ചീറിപ്പാഞ്ഞ ഫെരാരി പിടിച്ചെടുത്ത് ബെംഗളൂരു സൗത്ത് ആർടിഒ. കാറുടമയെക്കൊണ്ട് 1.41 കോടി രൂപയിലധികം പിഴയായി അടപ്പിച്ചു. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത ഈ ആഡംബര കാർ കർണാടകയിൽ റോഡ് നികുതി അടയ്ക്കാതെയാണ് ഓടിയിരുന്നത്.

നികുതി വെട്ടിപ്പ് തടയാൻ ബെംഗളൂരുവിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ കടുത്ത നടപടിക്കിടെയാണ് ഫെരാരി എസ്എഫ്90 സ്ട്രെഡൽ പിടികൂടിയത്. 18 മാസമായി നികുതി അടയ്ക്കാതെ കർണാടകയിൽ ഓടിയ 7.5 കോടി രൂപ വിലയുള്ള ചുവന്ന ഫെരാരിയാണ് പിടികൂടിയത്. ഒരു വ്യവസായിയാണ് കാറിന്‍റെ ഉടമസ്ഥൻ. രണ്ട് വർഷം മുൻപാണ് കാർ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തത്.

നികുതി അടച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ബെംഗളൂരു സൗത്ത് ആർടിഒ ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെയാണ് ഫെരാരി പിടിച്ചെടുത്തത്. അവർ വാഹനം പിടിച്ചെടുക്കുകയും ഉടമയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു. നിശ്ചിത സമയത്തിനുള്ളിൽ പിഴ അടയ്ക്കാൻ ഉടമയോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമപരമായ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ഉടമ ഉടൻ തന്നെ 1,41,59,041 രൂപയുടെ മുഴുവൻ കുടിശ്ശികയും പിഴയും അടച്ചു.

ഒരു വാഹനത്തിൽ നിന്ന് അടുത്തിടെ ഈടാക്കിയ ഏറ്റവും വലിയ നികുതികളിൽ ഒന്നാണിത്. നിയമ പ്രകാരമുള്ള നികുതി അടയ്ക്കാത്ത ആഡംബര വാഹനങ്ങൾക്കെതിരെ നടപടി തുടരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിലും, ഫെരാരി, പോർഷെ, ബിഎംഡബ്ല്യു, ഔഡി, റേഞ്ച് റോവർ തുടങ്ങിയ 30 ആഡംബര കാറുകൾ നികുതി വെട്ടിപ്പിന്റെ പേരിൽ ഗതാഗത വകുപ്പ് പിടിച്ചെടുത്തിരുന്നു. 40-ലധികം ആർടിഒ ഉദ്യോഗസ്ഥരാണ് ഈ ഓപ്പറേഷനിൽ പങ്കെടുത്തത്.

മറ്റൊരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം ഒരു വർഷത്തിൽ കൂടുതൽ കർണാടകയിൽ ഓടിക്കുകയാണെങ്കിൽ ഉടമ കർണാടകയിൽ ബാധകമായ ലൈഫ് ടൈം ടാക്സ് അടയ്ക്കാൻ ബാധ്യസ്ഥനാണ്. ഈ ഫെരാരി 18 മാസത്തിലേറെയായി ബെംഗളൂരുവിലെ റോഡിൽ ഓടിയെന്നാണ് ആർടിഒയുടെ കണ്ടെത്തൽ.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'