പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍

Published : Jul 03, 2025, 10:42 PM IST
Delhi traffic

Synopsis

പൊതുജന പ്രതിഷേധത്തെ തുടർന്ന്, കാലപ്പഴക്കം ചെന്ന വാഹനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള വിലക്ക് പിൻവലിക്കാൻ ദില്ലി സർക്കാർ തീരുമാനിച്ചു. 

ദില്ലി: നഗരത്തിലെ പമ്പുകളിൽ കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നത് വിലക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് പിൻവലിക്കാൻ നിർദേശം നൽകി ദില്ലി സർക്കാർ. നയത്തിനെതിരെ വ്യാപകമായ പൊതുജന പ്രതിഷേധം ഉയർന്നതാണ് ഈ നിർണായക തീരുമാനത്തിന് കാരണം. ഉത്തരവ് പിൻവലിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ദില്ലി സർക്കാർ, കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റിന് (CAQM) കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്നും സാങ്കേതിക വെല്ലുവിളികളുണ്ടെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിങ് സിർസ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാഹനങ്ങൾ നന്നായി പരിപാലിക്കുന്നവരെ ശിക്ഷിക്കുന്നതിനു പകരം, മോശം അവസ്ഥയിലുള്ള വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനുള്ള ഒരു പുതിയ സംവിധാനം ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നു മുതൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നൽകരുതെന്നായിരുന്നു ദില്ലി സർക്കാർ പമ്പുടമകൾക്ക് നൽകിയ നിർദേശം.

എന്നാൽ ഈ നിർദേശത്തിനെതിരെ വലിയ പൊതുജനരോഷമാണ് ഉയർന്നത്. നിരവധി പേർ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തുകയും സർക്കാർ നയത്തെച്ചൊല്ലി ചൂടേറിയ സംവാദങ്ങൾ നടക്കുകയും ചെയ്തു. എട്ട് വർഷം മാത്രം പഴക്കമുള്ള റേഞ്ച് റോവർ കാർ കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വന്ന ഒരു ഉടമയുടെ പോസ്റ്റും, 2015-ൽ വാങ്ങിയ തൻ്റെ മെഴ്‌സിഡസ് ബെൻസ് ML350 തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വന്ന മറ്റൊരു ഉടമയുടെ അനുഭവവും വലിയ ചർച്ചയായി. നല്ല രീതിയിൽ മെയിന്റെയിൻ ചെയ്ത 16 വർഷം പഴക്കമുള്ള മെഴ്‌സിഡസ്-ബെൻസ് E 280 V6 "വിൻ്റേജ് സ്ക്രാപ്പ്" എന്ന് മുദ്രകുത്തേണ്ട അവസ്ഥയുണ്ടാക്കിയതിന്റെ അമർഷം മറ്റൊരു വ്യക്തിയും പ്രകടിപ്പിച്ചു.

15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളെയും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളെയും 'എൻഡ് ഓഫ് ലൈഫ് വെഹിക്കിൾ' (EOL) ആയാണ് ദില്ലി സർക്കാർ കണക്കാക്കിയിരുന്നത്. ഈ തീരുമാനം ദില്ലിയിൽ മാത്രം 62 ലക്ഷം വാഹനങ്ങളെ ബാധിക്കുമായിരുന്നു, ഇതിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളായിരുന്നു. പഴയ വാഹനങ്ങൾ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഗതാഗത വകുപ്പ് വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. പൊലീസ്, മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരുമായി സഹകരിച്ചായിരുന്നു നടപടികൾ.

ദില്ലിയിലെ 498 പെട്രോൾ പമ്പുകളിൽ 100 എണ്ണത്തിൽ വാഹനങ്ങൾ പിടിച്ചെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥരെയും, 50 പമ്പുകളിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും, ശേഷിക്കുന്ന 350 പമ്പുകളിൽ ട്രാഫിക് പോലീസിനെയും വിന്യസിച്ചിരുന്നു. ദില്ലിയിലെ 498 പെട്രോൾ പമ്പുകളിൽ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ ക്യാമറകളും സ്ഥാപിച്ചിരുന്നു. വാഹൻ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിച്ച ഈ ക്യാമറകളുടെ സഹായത്തോടെ കാലപ്പഴക്കം ചെന്ന വാഹനങ്ങളെ കണ്ടെത്തി ഉദ്യോഗസ്ഥരെ അറിയിക്കണമെന്നായിരുന്നു നിർദേശം. പമ്പുകളിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുന്നത് നിയന്ത്രിക്കാനും പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇത്തരത്തിൽ വലിയ സംവിധാനങ്ങൾ ഒരുക്കിയിട്ടും തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയതോടെ, ഇനി എന്താകും ബദൽ നയം എന്ന ആകാംക്ഷയിലാണ് വാഹന ഉടമകൾ.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ