കൊവിഡ് രൂക്ഷമായിട്ടും പരിശോധനകള്‍ കുത്തനെ കുറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ

By Web TeamFirst Published Oct 22, 2020, 3:23 PM IST
Highlights

 മഹാരാഷ്ട്ര, ബീഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങള്‍ പരിശോധന കുത്തനെ കുറച്ചത്. എന്നാൽ യുപി, കേരളം, കർണാടക, തമിഴ്നാട്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഇക്കാലയളവില്‍ പരിശോധനകൾ കൂടിയിട്ടുണ്ട്. 

ദില്ലി: കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും പരിശോധനകൾ കുറച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. മഹാരാഷ്ട്ര, ബീഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങള്‍ പരിശോധന കുത്തനെ കുറച്ചത്.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള പത്ത് സംസ്ഥാനങ്ങളിലെ പരിശോധനയുടെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 22 മുതല്‍ കഴിഞ്ഞ പതിനെട്ട് വരെ നടത്തിയ പരിശോധനകളുടെ എണ്ണത്തിലാണ് ഇടിവ് വ്യക്തമാകുന്നത്. സെപറ്റംബര്‍ 22 മുതൽ ഇക്കഴിഞ്ഞ അഞ്ച് വരെ മഹാരാഷ്ട്രയിൽ നടത്തിയത് 11.5 ലക്ഷം പരിശോധനകൾ. ഈ മാസം 5 മുതൽ 18 വരെ ഇത് 9.7 ലക്ഷമായി കുറഞ്ഞു. രണ്ടര ലക്ഷത്തിന്റെ കുറവാണ് ഈ കാലയളവിൽ മഹാരാഷ്ട്രയിലുണ്ടായത്. ഇതേ കാലയളവിൽ രാജസ്ഥാനിൽ 3.1 ലക്ഷത്തിൽ നിന്ന് 2.7 ലക്ഷത്തിലേക്കും ബീഹാറിൽ 17 ലക്ഷത്തിൽ നിന്ന് 13 ലക്ഷത്തിലേക്കും പരിശോധനകൾ കുറഞ്ഞു. പശ്ചിമ ബംഗാളിലും പരിശോധനകളില്‍ കുറവുണ്ട്. 

എന്നാൽ യുപി, കേരളം, കർണാടക, തമിഴ്നാട്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഇക്കാലയളവില്‍ പരിശോധനകൾ കൂടിയിട്ടുണ്ട്. കർണാടക 9 ലക്ഷത്തിൽ നിന്ന് 13 ലക്ഷത്തിലേക്കാണ് പരിശോധനകൾ വർധിപ്പിച്ചത്. കേരളത്തില്‍ 7.1 ലക്ഷത്തില്‍ നിന്ന് 7. 4 ലക്ഷത്തിലേക്ക് ഉയര്‍ന്നുവെന്നാണ് കണക്ക്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുന്നുവെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴാണ് പരിശോധനകൾ കുറയുന്നു എന്ന റിപ്പോർട്ടും പുറത്തുവരുന്നത്.

click me!