
കൊൽക്കത്ത: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റക്കെട്ടായി നില്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമികളോട് വിട്ടുവീഴ്ചയില്ലെന്നും വധശിക്ഷവരെ ഉറപ്പാക്കാൻ വരെ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ദുർഗപൂജ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പശ്ചിമ ബംഗാളിനെ അക്രമങ്ങളിൽ നിന്ന് മുക്തമാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ച് തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും മോദി തുടക്കം കുറിച്ചു.
പശ്ചിമബംഗാളിൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് ഒരുക്കത്തിൻറ ശംഖ്നാദമായി മാറി ദുർഗ്ഗപൂജ ആഘോഷത്തിന് തുടക്കം കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം. മോദിയുടെ പ്രസംഗം 98000 ബൂത്തുകളിൽ തത്സമയം കാണിച്ചായിരുന്നു സംസ്ഥാന ബിജെപിയുടെ നീക്കം. രാഷ്ട്രീയം കാര്യമായില്ലെങ്കിലും പശ്ചിമബംഗാളിനുള്ള കേന്ദ്രസഹായം നേരിട്ടും സംസ്ഥാനത്തെ അക്രമങ്ങൾ പരോക്ഷമായും പരാമർശിച്ചായിരുന്നു നരേന്ദ്ര മോദിയുടെ സന്ദേശം.
പാർട്ടി പ്രവർത്തകരുടെ ത്യാഗത്തിൻറെ ഫലം കൊയ്യാൻ അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്നും മോദി പറഞ്ഞു. ഹാഥ്റസ് ബലാൽസംഗക്കൊല ദേശീയതലത്തിൽ തന്നെ ബിജെപിക്ക് തിരിച്ചടിയാവുമ്പോൾ സ്ത്രീസുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന പ്രഖ്യാപനവും മോദി നടത്തി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന രീതിയിൽ നിയമം ശക്തമാക്കിയെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
ബീഹാറിലും സ്ത്രീവോട്ടർമാരിലാണ് എൻഡിഎ സഖ്യത്തിൻ്റെ പ്രതീക്ഷ എന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഈ ഉറപ്പ്. ലോക്സഭ തെരഞ്ഞെടുപ്പിൽ 18 സീറ്റു നേടിയ ബിജെപി ബംഗാളിൽ അധികാരം പിടിക്കാം എന്ന പ്രതീക്ഷയിലാണ്. പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള ചർച്ചയും സജീവമാക്കിയാണ് ബിജെപിയുടെ ഒരുക്കം. ഇതിനിടെ ഗൂർഖ ജനമുക്തി മോർച്ച ഇന്നലെ എൻഡിഎ സഖ്യം അവസാനിപ്പിച്ചത് ബിജെപിക്ക് തിരിച്ചടിയായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam