ലക്ഷദ്വീപിലെ പരിഷ്കരണങ്ങൾ ദേശീയതാല്പര്യത്തിന് ഹാനികരം; സുരക്ഷാ വിടവുകൾ ശരിയായ കാര്യമല്ലെന്നും ശിവശങ്കർമേനോൻ

By Web TeamFirst Published Jun 6, 2021, 8:19 AM IST
Highlights

"ലക്ഷദ്വീപ് മേഖലയൊക്കെ ദേശീയ സുരക്ഷയ്ക്ക് ഏറെ പ്രധാനമാണ്. അതിനാൽ ഇതാണ് ഒരു കാര്യം നടപ്പാക്കാനുള്ള ശരിയായ വഴി എന്ന് പറഞ്ഞ് ആരെങ്കിലും വന്നാൽ അത് ദേശീയതാല്പര്യത്തിന് ഹാനികരമാണ്. കേന്ദ്രസർക്കാർ അതിനാൽ സംയമനം കാട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്."- മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവങ്കർ മേനോൻ.

ദില്ലി: ലക്ഷദ്വീപ് പോലുള്ള തന്ത്രപ്രധാനമേഖലകളെ അലോസരപ്പെടുത്തുന്നത് ദേശീയതാല്പര്യത്തിന് ഹാനികരമെന്ന് മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവങ്കർ മേനോൻ. കേന്ദ്രസർക്കാർ സംയമനം കാട്ടും എന്നാണ് പ്രതീക്ഷയെന്നും ശിവശങ്കർ മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷമുള്ള സംഭവവികാസങ്ങൾ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും ശിവശങ്കർമേനോൻ വ്യക്തമാക്കി.

ലക്ഷദ്വീപ് മേഖലയൊക്കെ ദേശീയ സുരക്ഷയ്ക്ക് ഏറെ പ്രധാനമാണ്. അതിനാൽ ഇതാണ് ഒരു കാര്യം നടപ്പാക്കാനുള്ള ശരിയായ വഴി എന്ന് പറഞ്ഞ് ആരെങ്കിലും വന്നാൽ അത് ദേശീയതാല്പര്യത്തിന് ഹാനികരമാണ്. കേന്ദ്രസർക്കാർ അതിനാൽ സംയമനം കാട്ടും എന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം സുരക്ഷ വിടവുകൾ ഉണ്ടാക്കുന്നത് ശരിയായ കാര്യമല്ലെന്നും ശിവശങ്കർമേനോൻ അഭിപ്രായപ്പെട്ടു. ഒരു നയവും അടിച്ചേല്പിക്കരുത് എന്നാണ് അഭിപ്രായമെന്നും ശിവശങ്കർമേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷമുള്ള സാഹചര്യം ആഗോളതലത്തിൽ ഇന്ത്യയുടെ കഴിവില്ലായ്മയായി വിലയിരുത്തപ്പെടാം. ഇന്ത്യയിലെ ഉത്പാദനത്തിനും ആവശ്യത്തിനും ഇടയിൽ ഇത്രയും വലിയ വിടവുണ്ടെന്ന് മനസ്സിലാക്കിയ ശേഷമാണ് സർക്കാർ വാക്സീൻ കയറ്റുമതി ചെയ്തതെന്ന് കരുതുന്നില്ലെന്നും ശിവശങ്കർ മേനോൻ വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിച്ഛായെ രണ്ടാം തരംഗം ബാധിച്ചോ എന്ന് ചോദിച്ചാൽ അത് നമ്മളെ ബാധിച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ കഴിവില്ലായ്മയുടെയും ദുർബലമായ സർക്കാരിൻറെയും സന്ദേശമാണ് നല്കിയത്. ആരോഗ്യ രംഗത്തെ അവഗണിച്ചതിൻറെ ഫലമാണ് ഇപ്പോൾ കാണുന്നത്. അത് നമ്മുടെ പ്രതിച്ഛായയെ സഹായിച്ചിട്ടില്ല. ജനങ്ങൾ പ്രതിച്ഛായയ്ക്കനുസരിച്ചല്ല നമ്മളോട് ഇടപെടുന്നത്. അദ്ദേഹം പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!