മോദിയ്ക്ക് യാത്രാനുമതി നിഷേധിച്ച് പാകിസ്ഥാൻ; അന്താരാഷ്ട്ര വൈമാനിക ഉടമ്പടികളുടെ ലംഘനമെന്ന് ഇന്ത്യ

By Web TeamFirst Published Oct 27, 2019, 10:16 PM IST
Highlights

നടപടിക്കെതിരെ അന്തർദേശീയ സിവിൽ ഏവിയേഷൻ സംഘടനയെ സമീപിക്കുമെന്ന് ഇന്ത്യ. ഇന്ത്യൻ നേതാക്കൾക്ക് വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാൻ അനുമതി നിഷേധിക്കുന്നത് ഇത് മൂന്നാം തവണ.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമാനത്തിന് പാകിസ്ഥാൻ വ്യോമപാത നിഷേധിച്ചത് ഖേദകരമായ നടപടിയെന്ന് ഇന്ത്യ. പാകിസ്ഥാന്റെ നടപടി അന്താരാഷ്ട്ര വൈമാനിക ഉടമ്പടികളുടെ ലംഘനം ആണെന്നും നടപടിക്കെതിരെ അന്തർദേശീയ സിവിൽ ഏവിയേഷൻ സംഘടനയെ സമീപിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു. അടിസ്ഥാനമില്ലാത്ത കാരണങ്ങൾ പറഞ്ഞ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്ന നടപടികളിൽ നിന്ന് പാകിസ്ഥാൻ പിൻമാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.   

അന്താരാഷ്ട്ര വ്യാവസായിക സമ്മേളനത്തില്‍ പങ്കെടുക്കാൻ ഉള്ള നരേന്ദ്രമോദിയുടെ യാത്രക്കാണ് പാകിസ്ഥാൻ അനുമതി നിഷേധിച്ചത്. പാകിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകാൻ പാകിസ്ഥാൻ തയ്യാറായില്ല. ജമ്മു കശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നു എന്ന് ആരോപിച്ചാണ് പാകിസ്ഥാന്റെ നടപടി. പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയെ ഉദ്ധരിച്ച് റേഡിയോ പാകിസ്ഥാന്‍ ആണ് അനുമതി നിഷേധിച്ച കാര്യം റിപ്പോർട്ട് ചെയ്തത്.

Read More: പ്രധാനമന്ത്രി മോദിയുടെ സൗദി യാത്രക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍

ഇത് മൂന്നാം തവണയാണ് ഇന്ത്യൻ നേതാക്കൾക്ക് വ്യോമപാത ഉപയോഗിക്കാൻ പാകിസ്ഥാൻ അനുമതി നിഷേധിക്കുന്നത്. നേരത്തെ അമേരിക്കൻ സന്ദർശനത്തിന് പോകാൻ നരേന്ദ്രമോദിക്ക് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ മാസം വിദേശ സന്ദർശനത്തിന് പോകാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും അനുമതി നൽകിയിരുന്നില്ല. പുൽവാമ ആക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് പാകിസ്താൻ വ്യോമപാത അടച്ചത്. പിന്നീട് ഈ വർഷം  ജൂലൈയാണ് വ്യോമപാത വീണ്ടും തുറന്നത്. 

ഇന്ത്യൻ പ്രധാനമന്ത്രിയെ കൂടാതെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും റിയാദിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നുണ്ട്. സമ്മേളനത്തിനിടെ ഇന്ത്യയും സൗദിയും നിർണായകമായ കരാറുകളിലെത്തുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സൗദിയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

click me!