ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രാവിമാനത്തിന് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി നിഷേധിച്ച് പാകിസ്ഥാന്‍. അന്താരാഷ്ട്ര വ്യാവസായിക സമ്മേളനത്തില്‍ പങ്കെടുക്കാനായി സൗദി അറേബ്യയിലേക്ക് പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാകിസ്ഥാന്‍ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ മോദിക്ക് യാത്രാനുമതി നിഷേധിച്ചതായി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷിയെ ഉദ്ധരിച്ച്  റേഡിയോ പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്. അതേസമയം ഇതേക്കുറിച്ച് ഇന്ത്യ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല. 

ഇന്ത്യൻ പ്രധാനമന്ത്രിയെ കൂടാതെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും റിയാദിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നുണ്ട്. സമ്മേളനത്തിനിടെ ഇന്ത്യയും സൗദിയും നിർണായകമായ കരാറുകളിലെത്തുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സൗദിയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.