നെറ്റ്‍ഫ്ലിക്സിനും ആമസോൺ പ്രൈമിനും നിയന്ത്രണം വേണം, സുപ്രീംകോടതിയിൽ ഹർജി

By Web TeamFirst Published Oct 15, 2020, 2:07 PM IST
Highlights

വാദം കേൾക്കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹർജി ഫയലിൽ സ്വീകരിച്ചു. കേസിൽ മറുപടി തേടി കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയക്കുകയും ചെയ്തു. 

ദില്ലി: നെറ്റ്ഫ്ലിക്സിനും ആമസോൺ പ്രൈമിനും നിയന്ത്രണത്തിന്‍റെ കത്രിക വീഴുമോ? ഇരുസ്ട്രീമിംഗ് പ്ലാറ്റ്‍ഫോമുകളുടെയും ഉള്ളടക്കത്തിന് നിയന്ത്രണം വേണമെന്ന് കാട്ടി നൽകിയ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ വാദം കേൾക്കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, കേന്ദ്രസർക്കാരിന് നോട്ടീസയക്കുകയും ചെയ്തു.

രാജ്യത്ത് നിലവിൽ സെൻസർഷിപ്പില്ലാതെ സിനിമകളോ ഡോക്യുമെന്‍ററികളോ വെബ് സീരീസുകളോ പ്രസിദ്ധീകരിക്കാവുന്ന ഓൺലൈൻ വേദികൾ കൂടിയാണ് ഒടിടി പ്ലാറ്റ്‍ഫോമുകൾ. ഇവിടെ സ്വയം നിയന്ത്രണമാണ് ആകെ സ്വീകരിക്കാവുന്ന വഴി. എന്നാൽ, നെറ്റ്‍ഫ്ലിക്സിന്‍റെ ഉള്ളടക്കത്തിൽ കൈ കടത്തുന്ന തരം ഉത്തരവുകൾ രാജ്യത്തെ ചെറുകോടതികളിൽ നിന്ന് തന്നെ ഉണ്ടായിട്ടുണ്ട്.

വൻകിട വായ്പകൾ വരുത്തിവച്ച് രാജ്യം വിടുകയോ ജയിലിലാവുകയോ ചെയ്ത ശതകോടീശ്വരൻമാരെക്കുറിച്ചുള്ള നെറ്റ്‍ഫ്ലിക്സ് സീരീസ് 'ബാഡ് ബോയ് ബില്യണേഴ്സി'ൽ, സഹാറ ഗ്രൂപ്പുടമ സുബ്രത റോയിയെക്കുറിച്ചുള്ള എപ്പിസോഡ് പുറത്തുവിടുന്നത് തടഞ്ഞുകൊണ്ട് ബിഹാറിലെ അരാരിയ സിവിൽ കോടതി ഇഞ്ചങ്ഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ നെറ്റ്ഫ്ലിക്സ് നൽകിയ ഹർജി പട്ന ഹൈക്കോടതി തള്ളി. സുപ്രീംകോടതിയാകട്ടെ ഇത് പരിഗണിക്കാൻ വിസമ്മതിക്കുകയും ചെയ്തു. സമാനമായ രീതിയിൽ വിജയ് മല്യയും നീരവ് മോദിയും രാമലിംഗരാജുവും പല ഹർജികൾ രാജ്യത്തെ വിവിധ കോടതികളിൽ നൽകി. ഇതോടെ, റിലീസ് നീട്ടി വയ്‍ക്കേണ്ടി വന്നു. സീരിസിന്‍റെ ട്രെയിലർ നെറ്റ്‍ഫ്ലിക്സിന് പിൻവലിക്കേണ്ടിയും വന്നു. എന്നാൽ രാമലിംഗരാജുവിന്‍റെ എപ്പിസോഡ് ഒഴികെ മറ്റെല്ലാ എപ്പിസോഡുകളും റിലീസ് ചെയ്യാൻ നെറ്റ്‍ഫ്ലിക്സിന് പിന്നീട് അനുമതി കിട്ടി. 

Read more at: കടമ്പ കടന്നു; ഇന്ത്യയില്‍നിന്ന് മുങ്ങിയ കോടീശ്വരന്മാരെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി ഉടൻ

click me!