റിലയൻസിന്റെ പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; രണ്ട് മരണം, നാല് പേരെ കാണാതായി, വൻ കൃഷിനാശവും

By Web TeamFirst Published Apr 11, 2020, 1:03 PM IST
Highlights

ചാരം സൂക്ഷിച്ചിരുന്ന യാർഡിന്റെ ചുവരിൽ വിള്ളൽ വീണ് പൊട്ടി. ഇതോടെ ഇവിടെയുണ്ടായിരുന്ന മലിന ജലം അതിശക്തമായി പുറത്തോട്ട് ഒഴുകി. പ്രദേശത്തെ കൃഷി സ്ഥലങ്ങളും വീടുകളും അപകടത്തിൽപെട്ടു

ഭോപ്പാൽ: മധ്യപ്രദേശിലെ സിംഗ്റൗളിയിൽ റിലയൻസിന്റെ പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി. ചാരം സൂക്ഷിച്ചിരുന്ന യാർഡിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തു. വിഷപദാർത്ഥങ്ങൾ നിറഞ്ഞ ചാരം പുറത്തേക്ക് ഒഴുകി ആയിരക്കണക്കിന് ഏക്കർ കൃഷി നശിച്ചു. 

കമ്പനിയുടെ അനാസ്ഥയാണ് അപകട കാരണമെന്ന് ജില്ലാ കളക്ടർ കെവിഎസ് ഷാ വിമർശിച്ചു.  നിരവധി പവർ പ്ലാന്റുകൾ ഉള്ള സിംഗ്റൗളിയിൽ ഒരു വർഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. ചാരം സൂക്ഷിച്ചിരുന്ന യാർഡിന്റെ ചുവരിൽ വിള്ളൽ വീണ് പൊട്ടി. ഇതോടെ ഇവിടെയുണ്ടായിരുന്ന മലിന ജലം അതിശക്തമായി പുറത്തോട്ട് ഒഴുകി. പ്രദേശത്തെ കൃഷി സ്ഥലങ്ങളും വീടുകളും അപകടത്തിൽപെട്ടു.

സിദ്ധികല ഗ്രാമത്തിലെ ചൂൻകുമാരി ഷാ, അവരുടെ മകൻ അഭിഷേക്, മകൾ സീമ കുമാരി, ഭമൗര ഗ്രാമത്തിലെ ദിനേഷ് കുമാർ, മകൻ അഞ്ജിത്, വൈധാൻ ഗ്രാമത്തിലെ റജ്ജത് അലി എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ദിനേഷ് കുമാറിന്റെ ഭാര്യ റീന കുമാർ, കേശ്‌പതി ഷാ എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ അപകടനില തരണം ചെയ്തു. ഭോപ്പാലിൽ നിന്ന് 780 കിലോമീറ്റർ അകലെയാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ ദുരിതാശ്വാസ പ്രവർത്തനം നടക്കുന്നതായി കളക്ടർ അറിയിച്ചു. 

click me!