പശ്ചിമബം​ഗാളിൽ നിപ കേസുകൾ സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് കേസുകൾ മാത്രമാണ് ഡിസംബർ മുതൽ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു

ദില്ലി: പശ്ചിമബം​ഗാളിൽ നിപ കേസുകൾ സ്ഥിരീകരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ട് കേസുകൾ മാത്രമാണ് ഡിസംബർ മുതൽ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. സമ്പർക്കത്തിൽ വന്ന 196 പേരുടെ പരിശോധന ഫലം നെ​ഗറ്റീവാണെന്നും ആർക്കും രോ​ഗ ലക്ഷണവുമില്ലെന്നും ചില മാധ്യമങ്ങൾ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിശോധനകളും നിരീക്ഷണവും തുടരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചത്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

നഴ്സുമാരുടെ സമ്പർക്ക പട്ടികയിലുള്ളവരിൽ കൂടുതലും ആരോഗ്യപ്രവർത്തകരാണ്. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സുമാർക്കാണ് നിപ സ്ഥിരീകരിച്ചത്. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാൾ സർക്കാരും നേരത്തെ അറിയിച്ചിരുന്നു അറിയിച്ചു. കേന്ദ്രം പ്രത്യേക സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തെക്കൻ കൊൽക്കത്തയിലെ അലിപൂറിലെ സുവോളജിക്കൽ ഗാർഡനിലെ വവ്വാലുകൾ നിപ വൈറസിന്‍റെ വാഹകരാണോ എന്ന് പരിശോധിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് ആര്‍ടി പിസിആര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. മൃഗശാലയിലെ വവ്വാലുകളിൽ നിന്ന് മെഡിക്കൽ സംഘം രക്തത്തിന്‍റെ സ്രവത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു. നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി സംസ്ഥാനത്ത് ആർ‌ടി-പി‌സി‌ആർ ഉപയോഗിച്ച് വവ്വാലുകളെ പരിശോധിക്കുന്നുണ്ട്.