ലോകത്തെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍; പദ്ധതിയുമായി റിലയന്‍സ്

By Web TeamFirst Published Dec 20, 2020, 6:58 PM IST
Highlights

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ താല്‍പര്യപ്രകാരമാണ് വന്‍ പദ്ധതി ഒരുങ്ങുന്നത്
 

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ സ്ഥാപിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ജാംനഗറിലാണ് മൃഗശാല സ്ഥാപിക്കുകയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ലോകത്താകമാനമുള്ള 100 സ്പീഷിസില്‍പ്പെട്ട പക്ഷിമൃഗാദികള്‍ മൃഗശാലയിലുണ്ടാകുമെന്ന് കമ്പനി അവകാശപ്പെട്ടു. ജാംനഗറിനടത്തുള്ള മോട്ടി ഖാവ്ഡിയില്‍ കമ്പനിയുടെ റിഫൈനറി നില്‍ക്കുന്ന സ്ഥലത്തെ 280 ഏക്കറിലായിരിക്കും മൃഗശാല സ്ഥാപിക്കുക. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും.

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ താല്‍പര്യപ്രകാരമാണ് വന്‍ പദ്ധതി ഒരുങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഗ്രീന്‍ സുവോളജിക്കല്‍, റെസ്‌ക്യു ആന്‍ഡ് റീഹാബിലിറ്റേഷന്‍ കിങ്ഡം എന്നായിരിക്കും പദ്ധതിയുടെ പേര്. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ എല്ലാ അനുമതിയും ലഭിച്ചെന്ന് ആര്‍ഐഎല്‍ ഡയറക്ടര്‍ പരിമാള്‍ നത്വാനി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കുരക്കുന്ന കരടി, മീന്‍ പിടിക്കുന്ന പൂച്ച, കുട്ടിത്തേവാങ്ക്, ലോകത്തിലെ ഏറ്റവും വലിയ പല്ലി വര്‍ഗമായ കൊമൊഡോ ഡ്രാഗണ്‍ തുടങ്ങിയ അപൂര്‍വയിനം ജന്തുക്കള്‍ മൃഗശാലയുടെ ആകര്‍ഷണമാകും. പരിക്കേറ്റ കടുവ, പുലി എന്നിവയെ അധിവസിപ്പിക്കാനുള്ള സൗകര്യമുണ്ടാകും. ആഫ്രിക്കന്‍ സിംഹങ്ങളെയും എത്തിക്കും.
 

click me!