
ദില്ലി: ഗോസംരക്ഷണത്തിന്‍റെ പേര് പറഞ്ഞ് ഏറ്റവും കൂടുതല്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉണ്ടായ മോദി ഭരണകാലത്ത് തന്നെയാണ് രാജ്യത്ത് നിന്ന് ഏറ്റവും കൂടിയ അളവില്‍ ബിഫ് കയറ്റുമതി ചെയ്തതെന്ന് റിപ്പോര്‍ട്ട്. അഗ്രികള്‍ച്ചറല്‍ പ്രൊസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട്സ് ഡെവലപ്മെന്‍റ് അഥോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകളുള്ളത്.
നരേന്ദ്രമോദി ഭരണത്തിലെത്തിയ 2014ല്‍ തന്നെയാണ് ബീഫ് കയറ്റുമതിയും വര്‍ധിച്ചുതുടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2013-14 സാമ്പത്തികവര്‍ഷം 13,65,643 മെട്രിക് ടണ്‍ ബീഫ് കയറ്റുമതി ചെയ്ത സ്ഥാനത്ത് 2014-15ല്‍ 14,75,540 മെട്രിക് ടണ്‍ ആണ് കയറ്റിഅയച്ചത്. പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കായിരുന്നു ഇത്.
2016-17 ആയപ്പോഴേക്കും കയറ്റുമതിയില്‍ 1.2 ശതമാനം വര്‍ധന ഉണ്ടായി. 2017-18ല്‍ 1.3 ശതമാനം വര്‍ധനയാണുണ്ടായത്. ലോകത്ത് ഏറ്റവും അധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഒരു വര്‍ഷം 400 കോടി ഡോളറിന്‍റെ ബീഫ് വിദേശങ്ങളിലേക്ക് കയറ്റിയയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബീഫ് കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായെന്നായിരുന്നു 2018ല്‍ പുറത്തിറങ്ങിയ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഉത്തര്‍പ്രദേശിലും മറ്റും ബീഫ് കൈവശം വച്ചതിന്‍റെ പേരിലുണ്ടായ കൊലപാതകങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളുമാണ് ഇതിനു കാരണമായി ആ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍, ഇതിന് വിപരീതമായ റിപ്പോര്‍ട്ടാണ് കൊമേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികള്‍ച്ചറല്‍ പ്രൊസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട്സ് ഡെവലപ്മെന്‍റ് അഥോറിറ്റി കഴിഞ്ഞ മാസം പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam