
ദില്ലി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻ ഡി എ മുന്നണിയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹം ശക്തം. നിതീഷ് കുമാറും ജെ ഡി യുവും ബി ജെ പി നേതാക്കളുമായി ചർച്ച തുടങ്ങിയതായാണ് പുറത്തുവരുന്ന വിവരംയ ഈ ആഴ്ച നിർണായകമാണെന്നും എൻ ഡി എ മുന്നണിയിലേക്കുള്ള മടക്കത്തിന്‍റെ കാര്യത്തിൽ ഒരാഴ്ചക്കകം തീരുമാനം ഉണ്ടായേക്കുമെന്നുമാണ് ജെ ഡി യു വൃത്തങ്ങൾ പറയുന്നത്. ബിഹാർ ബി ജെ പി സംസ്ഥാന അധ്യക്ഷനെ ദേശീയ നേതാക്കൾ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇത് ജെ ഡി യുവിന്‍റെ മടങ്ങിവരവിന്‍റെ ഭാഗമായാണെന്നതടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
'ഇന്ത്യ' മുന്നണിയുമായി അടുത്തിടെ അകൽച്ച പ്രകടിപ്പിക്കുകയായിരുന്നു നിതീഷ്. അതുകൊണ്ടുതന്നെ നിതീഷും ജെ ഡി യുവും വീണ്ടും കാലുവാരുമോ എന്നതാണ് കണ്ടറിയേണ്ടത്. വർഷങ്ങളോളം എൻ ഡി എ മുന്നണിയുടെ ഭാഗമായിരുന്ന ജെ ഡി യു, 2014 ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായെത്തിയതോടെയാണ് മുന്നണി വിട്ടത്. പിന്നീട് നിതീഷ് കോൺഗ്രസിനും ആർ ജെ ഡിക്കുമൊപ്പം മഹാസഖ്യമുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പിൽ സർക്കാരുണ്ടാക്കി മുഖ്യമന്ത്രിയായി. എന്നാൽ പിന്നീട് ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹസഖ്യം വിട്ട് എൻ ഡി എയുടെ ഭാഗമായി. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബി ജെ പിക്കൊപ്പം മത്സരിച്ച് വീണ്ടും മുഖ്യമന്ത്രിയായെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞ് മഹാസഖ്യത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. ശേഷം ബി ജെ പിയെ നേരിടാൻ പ്രതിപക്ഷ ഐക്യമായ 'ഇന്ത്യ' മുന്നണി രൂപീകരിക്കാൻ വലിയ പങ്ക് വഹിച്ചിരുന്നു. 'ഇന്ത്യ' മുന്നണിയിലെ തർക്കങ്ങൾ തുടരുന്നതിനിടെയാണ് നിതീഷ് വീണ്ടും എൻ ഡി എ പാളയത്തിലേക്ക് മടങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam