ബിജെപി നേതാവിന്‍റെ ഭാര്യയെ അടക്കി നിര്‍ത്തണം; ആര്‍എസ്എസിനോട് പരാതിയുമായി ശിവസേന

By Web TeamFirst Published Feb 27, 2020, 7:06 PM IST
Highlights

മഹാരാഷ്ട്രയില്‍ പുതിയ പോര്‍മുഖം തുറന്ന് ബിജെപിയും ശിവസേനയും. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫ‍ഡ്നവിസിന്‍റെ വള പരാമര്‍ശമാണ് ശിവസേനയെയും എന്‍സിപിയെയും കോണ്‍ഗ്രസിനെയും പ്രകോപിപ്പിച്ചത്.

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ പോര്‍മുഖം തുറന്ന് ബിജെപിയും ശിവസേനയും. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫ‍ഡ്നവിസിന്‍റെ 'വള'(bangles) പരാമര്‍ശമാണ് ശിവസേനയെയും എന്‍സിപിയെയും കോണ്‍ഗ്രസിനെയും പ്രകോപിപ്പിച്ചത്. വാരിസ് പത്താനെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന ശിവസേന വളയണിഞ്ഞിരിക്കുകയാണോ എന്ന പരാമര്‍ശത്തില്‍ പ്രതിഷേധിച്ച ആദിത്യ താക്കറെക്കെതിരെ ഫഡ്നവിസിന്‍റെ ഭാര്യ രംഗത്തെത്തി. അനാവശ്യമായ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് ഫഡ്നവിസിന്‍റെ ഭാര്യയെ തടയണമെന്ന് ശിവസേന നേതാവ് കിഷോര്‍ തിവാരി ആര്‍ എസ് എസിനോട് ആവശ്യപ്പെട്ടു. ഹിന്ദുത്വ ആശയങ്ങളുള്ള പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം ഇല്ലാതാക്കുന്നതാണ് ഫഡ്നവിസിന്‍റെ ഭാര്യയുടെ രാഷ്ട്രീയ പരാമര്‍ശങ്ങളെന്ന് വസന്ത് റാവു നായിക് ഷെട്ടി സ്വാവ്ലംബന്‍ മിഷന്‍ പ്രസിഡന്‍റുകൂടിയായ തിവാരി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിക്ക് നല്‍കിയ കത്തില്‍ ആരോപിച്ചു. 

എഐഎംഐഎ നേതാവും എംഎല്‍എയുമായ വാരിസ് പത്താനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതാണ് ഫഡ്നവിസിനെ പ്രകോപിപ്പിച്ചത്. ശിവസേന വളയണിഞ്ഞിരിക്കുകയാണോ എന്നാണ് ഫഡ്നവിസ് ചോദിച്ചത്. ഫഡ്നവിസിന്‍റെ പ്രസ്താവനക്കെതിരെ ഭരണപക്ഷം രംഗത്തെത്തിയതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി ഫഡ്നവിസിന്‍റെ ഭാര്യ അമൃതയും രംഗത്തെത്തി. മന്ത്രിയും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറയെ അമൃത ഫഡ്നവിസ് കീടമെന്നാണ് വിളിച്ചത്. ജീവിതത്തിന്‍റെ അര്‍ത്ഥമറിയാത്ത കീടമാണ് പരിസ്ഥിതി മന്ത്രിയെന്നായിരുന്നു അമൃതയുടെ പ്രസ്താവന. ഫഡ്നവിസ് സ്ത്രീകളെ അപമാനിച്ചെന്നും മാപ്പ് പറയണമെന്നും ആദിത്യ താക്കറെ ആവശ്യപ്പെട്ടതാണ് അമൃതയെ ചൊടിപ്പിച്ചത്. 

click me!