ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കല്‍: നിയന്ത്രണങ്ങള്‍ തുടങ്ങിയിട്ട് ഇന്നേക്ക് 200 ദിവസം

By Web TeamFirst Published Feb 20, 2020, 7:15 AM IST
Highlights

ജമ്മു കശ്മീരില്‍ 3ജി, 4ജി സേവനങ്ങള്‍ ഇതുവരെയും പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല. ഇതിന്‍റെ നിയന്ത്രണം ഫെബ്രുവരി 24 വരെ നീട്ടിയിരിക്കുകയാണ്. 

ദില്ലി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണം നടപ്പാക്കിയിട്ട് ഇന്നേക്ക് 200 ദിവസം പൂര്‍ത്തിയായി. ഇവിടെ മൊബൈല്‍ ഫോണുകള്‍ക്കും ഇന്‍റര്‍നെറ്റിനും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതും ദിവസങ്ങളോളം നീണ്ടു നിന്ന് കര്‍ഫ്യൂവുമെല്ലാം ജനജീവിതം തന്നെ ദുസ്സഹമാക്കിയിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കാനുള്ള ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. ഓഗസ്റ്റ് നാല് മുതല്‍ തന്നെ ജമ്മു കശ്മീരില്‍ കേന്ദ്രം കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയിരുന്നു. ജമ്മു കശ്മീരിലുടനീളം മൊബൈല്‍ ഫോണ്‍, ലാന്‍ഡ് ഫോണ്‍, ഇന്‍റര്‍നെറ്റ് എല്ലാം റദ്ദാക്കി. ജമ്മു കശ്മീരില്‍ കര്‍ഫ്യൂ കൂടി നടപ്പിലാക്കിയതോടെ ജനജീവിതം തന്നെ സ്തംഭിച്ചു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ളയടക്കം പ്രതിപക്ഷ നേതാക്കളെ ഒന്നടങ്കം വീട്ടുതടങ്കലിലാക്കി. നിരവധി പേരെ കരുതല്‍ തടങ്കലിലിട്ടു. തടങ്കല്‍ ആറുമാസം പിന്നിട്ടതോടെ പൊതുസുരക്ഷാ നിയമം ചുമത്തി മിക്ക നേതാക്കളുടെയും തടങ്കല്‍ നീട്ടുകയാണ് ചെയ്തത്. 

ജനുവരി അവസാനമാണ് 2ജി ഇന്‍റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. വാര്‍ത്താ വെബ്സൈറ്റുകള്‍ ഒഴികെയുള്ള വെറും 301 വെബ്സൈറ്റുകള്‍ മാത്രമാണ് ഉപയോഗിക്കാന്‍ അനുമതി. 3ജി, 4ജി സേവനങ്ങള്‍ ഇതുവരെയും പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ല. ഇതിന്‍റെ നിയന്ത്രണം ഫെബ്രുവരി 24 വരെ നീട്ടി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന വലിയ വിമര്‍ശനം ഉയരുമ്പോഴും ജമ്മുകശ്മീരിലെ സമാധാനം ഇല്ലാതാക്കാന്‍ വിഘടന വാദികള്‍ ശ്രമം നടത്തുന്നത് കൊണ്ടാണ് നിയന്ത്രണം തുടരുന്നതെന്ന വാദമാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നത്. അതിനിടെ അടുത്ത മാസം അഞ്ചുമുതല്‍ 20 വരെ എട്ട് ഘട്ടങ്ങളായി നടത്താനിരുന്ന ജമ്മു കശ്മീരിലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് മാറ്റി.

click me!