കശ്മീരിൽ പകൽ കർഫ്യൂ പിൻവലിച്ചു: 370-ാം വകുപ്പിൻമേൽ സുപ്രീംകോടതിയിൽ വാദം ചൊവ്വാഴ്ച

By Web TeamFirst Published Sep 28, 2019, 1:55 PM IST
Highlights

അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കുക. ജസ്റ്റിസ് എൻ വി രമണയാണ് ഭരണഘടനാ ബെഞ്ച് അധ്യക്ഷ. 

ശ്രീനഗര്‍: ജമ്മുകശ്മീരിൽ കൂടുതൽ നിയന്ത്രണങ്ങൾ നീക്കി സർക്കാർ. സംസ്ഥാനത്തെ ഇരുപത്തിരണ്ട് ജില്ലകളിലും പകൽസമയത്ത് കർഫ്യു പിൻവലിച്ചു. ആകെയുള്ള 105 പോലീസ് സ്റ്റേഷൻ പരിധിയിലും പകൽ പുറത്തിറങ്ങാൻ ജനങ്ങൾക്ക് നിയന്ത്രണമുണ്ടാവില്ല എന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ നിയന്ത്രണം തുടരും. വീട്ടുതടങ്കലിലുള്ള നേതാക്കളെ വിട്ടയയ്ക്കാനും തല്ക്കാലം തീരുമാനമില്ല. രാത്രി കാലങ്ങളിലും നിയന്ത്രണം തുടരും.

അതേസമയം കശ്മീരിന് പ്രത്യേക അവകാശം നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിന് എതിരെയുള്ള ഹർജികളിൽ ഒക്ടോബർ 1ന് വാദം കേൾക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കുക. ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കശ്മീർ ഹർജികൾ പരിഗണിക്കുക.

കഴിഞ്ഞ ആഗസ്റ്റ് 5 നാണ് ജമ്മു കശ്മീരിന് സവിശേഷ അധികാരമുള്ള സംസ്ഥാനമെന്ന പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ജമ്മു കശ്മീരിന്‍റെ വളര്‍ച്ചയ്ക്കല്ല ഭീകരതയുടെ വളര്‍ച്ചയ്ക്കായാണ് 370-ാം വകുപ്പ് ഉപയോഗപ്പെടുത്തിയതെന്നും കശ്മീരിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ വേണ്ടിയാണ് 370-ാം വകുപ്പ് എടുത്തു കളയുന്നതെന്നും വ്യക്തമാക്കിയായിരുന്നു കേന്ദ്ര നീക്കം. 1954 - ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം ഇന്ത്യൻ ഭരണഘടനയോട് ചേർത്തത്. 

click me!