ആനുകൂല്യം കിട്ടാതെ വലഞ്ഞ് കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് വിരമിച്ച അധ്യാപകർ; സാമ്പത്തിക പ്രതിസന്ധിയെന്ന് കേന്ദ്രം

By Web TeamFirst Published Dec 2, 2019, 10:06 AM IST
Highlights

അർഹമായ പെൻഷന്റെ പകുതി മാത്രമാണ് ഇപ്പോൾ പലർക്കും ലഭിക്കുന്നത്. മേഖല ആഫീസുകളിൽ എത്തുന്നവരോട് മുകളിൽ നിന്ന് ഫണ്ട് കിട്ടിയിട്ടില്ല എന്ന മറുപടിയാണ് നൽകുന്നത്.

ദില്ലി: കേന്ദ്രീയ വിദ്യാലയങ്ങളിലെ വിരമിച്ച അധ്യാപകർക്ക് പെൻഷൻ അനൂകൂല്യങ്ങൾ നൽകാതെ കേന്ദ്രസർക്കാർ. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്ന് ഇക്കൊല്ലം വിരമിച്ചവർക്കാണ് അനൂകൂല്യങ്ങൾ നിഷേധിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് അനുകൂല്യങ്ങൾ നൽകാൻ കഴിയാത്തെന്നാണ് മാനവിഭവശേഷി മന്ത്രാലയം നൽകുന്ന വിശദീകരണം

കേന്ദ്രീയ വിദ്യാലയ സംഘഠന്‍റെ കേരളം ഉൾപ്പെടുന്ന 25 മേഖലകളിൽ നിന്ന് ഈ വർഷം വിരമിച്ചവരാണ് പെൻഷൻ അനുകൂല്യങ്ങൾ ഉൾപ്പെടെ നൽകാതെയിരിക്കുന്നത്. അധ്യാപകർ ഉൾപ്പെടെ 1500 ലധികം ജീവനക്കാരാണ് ഈ വർഷം മാത്രം വിരമിച്ചത്. ഒരാൾക്ക് പോലും ഇതുവരെ അനൂകൂല്യങ്ങൾ ലഭിച്ചിട്ടില്ല. 

30 ലക്ഷം മുതൽ 50 ലക്ഷം വരെയാണ് കിട്ടാനുള്ളത്. അർഹമായ പെൻഷന്റെ പകുതി മാത്രമാണ് ഇപ്പോൾ പലർക്കും ലഭിക്കുന്നത്. മേഖല ആഫീസുകളിൽ എത്തുന്നവരോട് മുകളിൽ നിന്ന് ഫണ്ട് കിട്ടിയിട്ടില്ല എന്ന മറുപടിയാണ് നൽകുന്നത്. എത്രയും വേഗം തുകകൈമാറാമെന്നാണ് വിരമിക്കൽ സമയത്ത് ജീവനക്കാരോട് കേന്ദ്രീയ വിദ്യാലയ സംഘതൻ നൽകിയ ഉറപ്പ്. എന്നാൽ 8 മാസമായിട്ടും ഇതുപാലിച്ചില്ല. 

പരാതിയുമായി നിരവധി തവണ എത്തിയിട്ടും ഫലമില്ല. സാമ്പത്തിക പ്രതിസന്ധി കാരണം അനുകൂല്യങ്ങൾ നൽകാൻ ഫണ്ടില്ലെന്നാണ് അധികൃതരുടെ മറുപടി. എന്നാൽ വിരമിക്കാനിരിക്കുന്നവരുടെ കൃത്യമായ കണക്കോ വേണ്ട തുകയോ മൂൻകൂട്ടി ധനമന്ത്രാലയത്തിന് നൽകുന്നതിൽ ഉദ്യോഗസ്ഥർക്ക് വന്ന വീഴ്ച്ചയാണ് പ്രതിസന്ധിക്ക് കാരണമായതിനും ആരോപണമുണ്ട്.

click me!