
ദില്ലി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എഡ്വിന മൗണ്ട് ബാറ്റൺ, ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായൺ തുടങ്ങിയ പ്രമുഖർക്കയച്ച കത്തുകള്‍ ദില്ലിയിലെ പ്രധാനമന്ത്രി സംഗ്രഹാലയയിലെ ലൈബ്രറിക്ക് തിരിച്ചു നൽകണമെന്ന ആവശ്യം ഉയരുന്നു. നേരത്തെ നെഹ്റു മ്യൂസിയത്തിന്‍റെ ഭാഗമായിരുന്ന ലൈബ്രറിയിലെ ഭരണസമിതി അംഗവും അഹമ്മദാബാദിലെ ചരിത്രകാരനുമായ റിസ്വാൻ ക്വാദ്രിയാണ് ആവശ്യമുന്നയിച്ച് രാഹുൽ ഗാന്ധിക്ക് കത്തയച്ചത്.
2008 ൽ യുപിഎ ഭരണത്തിലിരിക്കെ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ ലൈബ്രറയിലെത്തി നെഹ്രുവുമായി ബന്ധപ്പെട്ട രേഖകളിൽനിന്നും കത്തുകൾ തിരിച്ചെടുത്തെന്നാണ് ആരോപണം. 51 പെട്ടികളിൽ ഇവ എടുത്തു മാറ്റിയെന്നും ക്വാദ്രി ആരോപിച്ചു. കോൺഗ്രസും ഗാന്ധി കുടുംബവും എന്താണ് ഒളിക്കാൻ ശ്രമിക്കുന്നതെന്ന് ബിജെപി എംപി സംബിത് പാത്ര ചോദിച്ചു. സംഭവത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം അന്വേഷണം നടത്തുമോയെന്നും ലോക്സഭയിൽ സംബിത് പാത്ര ചോദിച്ചു. പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത് മറുപടി നൽകി.
ബിജെപി നീക്കത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർ ലോക്സഭയിൽ ബഹളം വച്ചു. വിഷയത്തിൽ പ്രതികരിച്ച് കൂടുതൽ വിവാദമാക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്. ദില്ലി തീന് മൂർത്തി മാർഗിലെ നെഹ്റു മ്യൂസിയം മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി സംഗ്രഹാലയയാക്കി മാറ്റിയത്. ലൈബ്രറിയുടെ വാർഷിക ജനറല് ബോഡി യോഗത്തിലും കത്തുകൾ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ചർച്ച നടന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam