
കൊൽക്കത്ത: കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ജയിലിലെ ദിവസക്കൂലി 105 രൂപയെന്ന് റിപ്പോർട്ട്. ശാരീരിക അധ്വാനം കൂടുതലുള്ള ജോലിക്ക് ദിവസം 105 രൂപ കൂലിയാവും സഞ്ജയ് റോയിക്ക് ലഭിക്കുകയെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കൊൽക്കത്തയിലെ പ്രസിഡൻസി സെൻട്രൽ ജയിലിലാണ് സഞ്ജയ് റോയി കഴിയുന്നത്. ജീവപര്യന്തം തടവ് ശിക്ഷയാണ് സെൽദയിലെ കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. നിലവിൽ അനുവദിച്ച സെല്ലിനുള്ളിൽ നടക്കാനും വ്യായാമം ചെയ്യാനുമാണ് സഞ്ജയ് റോയിക്ക് അനുമതിയുള്ളത്. ഗാർഡുമാരുടെ നിരീക്ഷണത്തിലാണ് സെല്ലിന് പുറത്തിറങ്ങാനാവുക.
വിചാരണ തടവുകാരൻ അല്ലാത്തതിനാൽ ഇനി ജയിലിലെ കാഠിന്യമേറിയ ജോലികൾ സഞ്ജയ് റോയി ചെയ്യേണ്ടി വരുമെന്നാണ് ജയിൽ അധികൃതരെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. മുൻ പ്രവർത്തി പരിചയം ഇല്ലാത്തതിനാൽ ശാരീകാധ്വാനമുള്ള ജോലികളാവും നൽകുക. ഇതിന് ദിവസം 105 രൂപ കൂലിയും നൽകുമെന്നാണ് ജയിൽ അധികൃതർ വിശദമാക്കുന്നത്. തോട്ടം പരിപാലിക്കാനടക്കമുള്ള ജോലികൾ പ്രതിക്ക് നൽകും. തുടക്കത്തിൽ അപ്രൻറിസ് ആയാവും ജോലി. ഇനിയുള്ള കാലം ഈ ജയിലിലാവും ഇയാൾ കഴിയുക. നിലവിൽ അവിദഗ്ധ തൊഴിലാളികൾക്ക് ദിവസം 105 രൂപയും അർധ വിദഗ്ധ തൊഴിലാളികൾക്ക് 120 രൂപയും വിദഗ്ധ തൊഴിലാളികൾക്ക് 135 രൂപയുമാണ് വേതനമായി നൽകുന്നത്.
ആര്‍ ജി കര്‍ ആശുപത്രിയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ
വസ്ത്ര നിർമ്മാണം, ഫർണിച്ചർ നിർമ്മാണം, അലുമിനിയം പാത്ര നിർമ്മാണം എന്നിവ അടക്കമുള്ളവയാണ് ജയിലിൽ കഠിനമേറിയ ജോലികളായി നിരീക്ഷിക്കുന്നത്. അതേസമയം കേസിൽ പ്രതിക്ക് വധ ശിക്ഷ വേണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കൊൽക്കത്ത് ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന വാദം കോടതി തള്ളിക്കളഞ്ഞാണ് പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതി സഞ്ജയ് റോയ് ജീവിതാന്ത്യം വരെ ജയിലില്‍ തുടരണമെന്നും വിധി വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam