മധ്യപ്രദേശിലേത് 'ഓപ്പറേഷന്‍ രംഗ് പഞ്ചമി'; ബിജെപിയില്‍ പൊട്ടിത്തെറി, മുഖ്യമന്ത്രി സ്ഥാനത്തിന് തമ്മിലടി

By Web TeamFirst Published Mar 11, 2020, 1:27 PM IST
Highlights

ഓപ്പറേഷന്‍ 'രംഗ് പഞ്ചമി'യാണ് നടന്നതെന്നും ഹോളിദിനത്തില്‍ കമല്‍ നാഥ് സര്‍ക്കാരിനെ താഴെയിറക്കാനായിരുന്നു ബിജെപി ലക്ഷ്യമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഭോപ്പാല്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനൊപ്പം ബിജെപിയിലും തർക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യയുടെയും എംഎല്‍എമാരുടേയും രാജി, സര്‍ക്കാരിന് ഭരണം നഷ്ടമാകുന്നതുമാണ് കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് കാരണമെങ്കില്‍ ബിജെപിയില്‍ ഇനിയാര് മുഖ്യമന്ത്രിയാകും എന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് രൂക്ഷമാകുന്നത്. ബിജെപിയുടെ സംസ്ഥാന നേതാക്കളായ നരോത്തം മിശ്രയും, ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രി സ്ഥാനത്തിനായി കരുക്കള്‍ നീക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയായ ചൗഹാനൊപ്പമാണ് കേന്ദ്ര നേതൃത്വമെന്നാണ് സൂചന. ജനപിന്തുണയും ചൗഹാനൊപ്പമാണ്. പുതിയ വിവരങ്ങളനുസരിച്ച് ചൗഹാൻ വൈകുന്നേരം ദില്ലിയിൽ കേന്ദ്ര നേതാക്കളെ കാണുമെന്നും സൂചനയുണ്ട്. 

ഇരു നേതാക്കള്‍ക്കും പിന്തുണയുമായി അണികളും രംഗത്തെത്തി. കോണ്‍ഗ്രസില്‍  പൊട്ടിത്തെറിയുണ്ടാക്കിയതില്‍ ചൗഹാന് പങ്കൊന്നുമില്ലെന്നും മിശ്രയുടെ നീക്കങ്ങളാണ് കമല്‍നാഥ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിലേക്കെത്തിച്ചതെന്നുമാണ് മിശ്രയുടെ അണികളുടെ പ്രതികരണം. എന്നാല്‍  കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്കും നേതാക്കളുടെ രാജിക്കും തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഇരുനേതാക്കളും പരസ്യ പ്രസ്താവനകളില്‍ വ്യക്തമാക്കുന്നത്. തങ്ങളുടെ പങ്ക് പരസ്യമാക്കാന്‍ ഇരുവരും തയ്യാറായിട്ടില്ല. ഒപ്പം കോണ്‍ഗ്രസിനകത്തെ പ്രശ്നങ്ങളാണ് ജ്യോതിരാദിത്യ സിന്ധ്യയുടെയടക്കം രാജിയിലെത്തിച്ചതെന്നാണ് ഇരുവരുടേയും വിശദീകരണം. 

അതേ സമയം മധ്യപ്രദേശില്‍  'ഓപ്പറേഷന്‍രംഗ് പഞ്ചമി'യാണ് നടന്നതെന്നും ഹോളിദിനത്തില്‍ കമല്‍ നാഥ് സര്‍ക്കാരിനെ താഴെയിറക്കാനായിരുന്നു ബിജെപി ലക്ഷ്യമിട്ടതെന്നുമാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ രാജിവെക്കാതെ 16ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ വിശ്വാസവോട്ട് തേടാനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ തീരുമാനം. ഭൂരിപക്ഷം തെളിയിക്കുമെന്നും സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും കമൽനാഥ് അവകാശപ്പെടുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം 22 എംഎല്‍എമാരാണ് കോണ്‍ഗ്രസ് വിട്ടത്. ഇവരെ ഗുര്‍ഗാവിലെ റിസോട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. 

അതിനിടെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് പുറത്തു വന്ന മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിച്ച് കോൺഗ്രസിൽ നിന്നും കൂട്ടരാജി. ഗ്വാളിയോർ, ചമ്പാൽ മേഖലയിലുള്ള കോൺഗ്രസ് നേതാക്കൾ രാജി നൽകി.  സിന്ധ്യയാണ് മധ്യപ്രദേശില്‍ കോൺഗ്രസെന്നും സിന്ധ്യ യില്ലെങ്കിൽ മധ്യപ്രദേശിൽ പാർട്ടിയില്ലെന്നുമാണ് രാജിവെച്ചവർ പ്രതികരിക്കുന്നത്. ഇന്ന് സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭ സീറ്റ് ബിജെപി സിന്ധ്യക്കായി മാറ്റിവെച്ചതായാണ് വിവരം

click me!