ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച; മുന്നറിയിപ്പ് നല്‍കി ഡോ. മന്‍മോഹന്‍ സിംഗ്

By Web TeamFirst Published Jun 24, 2019, 11:22 PM IST
Highlights

യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ വിവരാവകാശ നിയമം, വന നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമഭേദഗതി, തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയവ അസമത്വം ഇല്ലാതാക്കാന്‍ ആവിഷ്കരിച്ച നടപടികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: രാജ്യത്ത് അസമത്വം വളരുന്നത് ഗൗരവമായെടുക്കണമെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ. മന്‍മോഹന്‍ സിംഗ്. ക്ഷേമ രാഷ്ട്രമെന്ന നിലയില്‍ അതിദാരിദ്യവും സാമ്പത്തിക അസമത്വവും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 'റൈസിംഗ് ഇനീക്വാലിറ്റീസ് ഇന്‍ ഇന്ത്യ 2018' എന്ന സാമൂഹിക വികസന റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ചടങ്ങിലാണ് മന്‍മോഹന്‍ ഇക്കാര്യം പറഞ്ഞത്.

ചില പ്രദേശങ്ങളും ജനവിഭാഗവും അതീവ ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇക്കോണമിയാണ് ഇന്ത്യയുടേത്. എന്നാല്‍, ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച സാമ്പത്തിക, സാമൂഹിക, നഗര-ഗ്രാമ അസമത്വവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക അസമത്വം വളരുന്നത് സാമ്പത്തിക സ്ഥിതിയെയും സാമൂഹിക, രാഷ്ട്രീയ അസമത്വം സുസ്ഥിര വികസന പദ്ധതികളുടെ വേഗത്തെയും ബാധിക്കും. അസമത്വം ആഗോള പ്രതിഭാസമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ വിവരാവകാശ നിയമം, വന നിയമം, ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമഭേദഗതി, തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയവ അസമത്വം ഇല്ലാതാക്കാന്‍ ആവിഷ്കരിച്ച നടപടികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

2000-2017 കാലയളവില്‍ ആറു മടങ്ങ് ഇന്ത്യയിലെ സാമ്പത്തിക അസമത്വം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ വരുമാനത്തിന്‍റെ 22 ശതമാനവും രാജ്യത്തെ ഒരു ശതമാനത്തിന്‍റെ കൈയ്യിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രൊഫസര്‍മാരായ ടി ഹഖ്, ഡി എന്‍ റെഡ്ഡി എന്നിവരാണ് റിപ്പോര്‍ട്ട് എഡിറ്റ് ചെയ്തത്. രാജ്യത്തെ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞരും സാമ്പത്തിക വിദഗ്ദരുമാണ് റിപ്പോര്‍ട്ടില്‍ എഴുതിയത്. 
 

click me!