
പറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളിക്കയണമെന്ന് പ്രവർത്തകരോട് ആർജെഡി. ബിജെപി സ്‌പോൺസേർഡ് എക്സിറ്റ് പോൾ ഫലങ്ങൾ ആണ് പുറത്തുവന്നത്. മഹാസഖ്യത്തിന് 160 ന് മുകളിൽ സീറ്റ് കിട്ടുമെന്നാണ് ആർജെഡി നേതൃത്വം പറയുന്നത്.
ബിഹാറിലെ ജനവിധി നാളെയറിയാം. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പത്ത് മണിയോടെ ട്രെൻഡ് വ്യക്തമാകും. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നാണ്. ഒരു സർവേയും മഹാസഖ്യത്തിന് കേവല ഭൂരിപക്ഷം പ്രവചിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായുമെന്ന് പ്രവചിക്കുന്ന സർവെ ഫലങ്ങൾ പുറത്തു വന്നിട്ടുണ്ടെങ്കിലും മഹാസഖ്യത്തിന് ഭരണം കിട്ടുമെന്ന് ആരും പ്രവചിച്ചിട്ടില്ല. എന്നാൽ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതൽ 37 ശതമാനം വരെ ആളുകൾ ആഗ്രഹിക്കുന്നു എന്നാണ് വിവിധ സർവെകൾ പറയുന്നത്. പ്രശാന്ത് കിഷോറിന്‍റെ ജൻസുരാജ് പാർട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ലെന്നാണ് സർവേ ഫലം.
സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ ഇക്കുറി റെക്കോർഡ് വർധനയാണുണ്ടായത്. പുരുഷ വോട്ടർമാരേക്കാൾ 8.8 ശതമാനം വർധനയുണ്ടായി. 71.6 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ 62. 8 ശതമാനം പുരുഷന്മാരാണ് ബൂത്തുകളിലെത്തിയത്. ഉയർന്ന പോളിംഗ് ശതമാനം വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ വിജയമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. സ്ത്രീകൾ കമ്മീഷനിൽ പൂർണ വിശ്വാസമർപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം ഉയർന്നത് ഭരണ മാറ്റത്തിന്‍റെ സൂചനയാണെന്നാണ് മഹാസഖ്യം വാദിക്കുന്നത്. എന്നാൽ എൻഡിഎ സർക്കാരിന് വൻ ഭൂരിപക്ഷം ജനങ്ങൾ നൽകുമെന്ന് ബിജെപി അവകാശപ്പെടുന്നു. ബിഹാർ കാണാൻ പോകുന്നത് എക്സിറ്റ് പോളുകൾക്കും അപ്പുറത്തെ വലിയ മാറ്റമാണെന്ന് ജൻസുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam