ഇരട്ടി വേതനം, ഒപ്പം യാത്രാ സൗകര്യവും സിസിടിവി നിരീക്ഷണവും; സ്ത്രീകളുടെ രാത്രി ഷിഫ്റ്റിൽ സുപ്രധാന ഉത്തരവുമായി യുപി സർക്കാർ

Published : Nov 13, 2025, 09:01 AM IST
women night shift rules in UP

Synopsis

സ്ത്രീകളുടെ രാത്രി ഷിഫ്റ്റിൽ ഇരട്ടി വേതനം, സിസിടിവി നിരീക്ഷണം, യാത്രാ സൗകര്യം, സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം എന്നിവ നിർബന്ധമാണെന്ന് ഉത്തരവിൽ പറയുന്നു.

ലഖ്നൌ: രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ വേതനവും സുരക്ഷയും സംബന്ധിച്ച് സുപ്രധാന ഉത്തരവുമായി ഉത്തർപ്രദേശ് സർക്കാർ. സ്ത്രീകൾക്ക് സമ്മതമാണെങ്കിൽ രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയത്ത് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാം എന്നാണ് യോഗി ആദിത്യനാഥ് സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നത്. രാത്രി ഷിഫ്റ്റിൽ ഇരട്ടി വേതനം, സിസിടിവി നിരീക്ഷണം, യാത്രാ സൗകര്യം, സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം എന്നിവ നിർബന്ധമാണെന്ന് ഉത്തരവിൽ പറയുന്നു.

വ്യവസായ മേഖലയിൽ ഉൾപ്പെടെ ഉത്തരവ് ബാധകമാണ്. തൊഴിലിടങ്ങളിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് ഉത്തരവെന്ന് യു.പി സർക്കാർ അറിയിച്ചു. വനിതാ ജീവനക്കാർക്ക് ആഴ്ചയിൽ ആറ് ദിവസം വരെ ജോലി ചെയ്യാം. കൂടാതെ ഓവർടൈം പരിധി 75 മണിക്കൂറിൽ നിന്ന് 144 മണിക്കൂറായി വർദ്ധിപ്പിച്ചു. ഇതിന് ഇരട്ടി വേതനം നൽകണം.

രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തർപ്രദേശ് ഫാക്ടറീസ് ഭേദഗതി നിയമത്തിന് ഒക്ടോബർ ആദ്യവാരം അംഗീകാരം നൽകിയ ശേഷമാണ് യു.പി സർക്കാർ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഈ നീക്കം വ്യാവസായിക, കോർപ്പറേറ്റ് മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. ലിംഗസമത്വത്തിനും സ്ത്രീ സുരക്ഷയ്ക്കും വേണ്ടിയുള്ള ശക്തമായ നടപടിയാണെന്ന് തൊഴിൽ വകുപ്പ് പ്രതികരിച്ചു. സ്ത്രീകൾക്ക് ഇടവേളയില്ലാതെ തുടർച്ചയായി ആറ് മണിക്കൂർ വരെ ജോലി ചെയ്യാം. നേരത്തെ, സ്ത്രീകൾക്ക് 12 വിഭാഗങ്ങളിൽ മാത്രമേ ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ അത് 29 അപകടകരമായ മേഖലകളിലേക്കും വ്യാപിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

യുപിയിലെ തൊഴിലാളികളിൽ ഏകദേശം 36 ശതമാനവും സ്ത്രീകളാണ്. എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് നടപടിയെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ മാസം ദില്ലി സർക്കാർ കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും വനിതാ ജീവനക്കാരെ അവരുടെ രേഖാമൂലമുള്ള സമ്മതത്തോടെ രാത്രി ഷിഫ്റ്റുകളിൽ നിയോഗിക്കാം എന്ന ഉത്തരവ് പുറത്തിറക്കിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'