Latest Videos

താൻ ഉറച്ച് നിന്നിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കോൺഗ്രസ് പരിഗണിക്കുമായിരുന്നു: റോബര്‍ട് വദ്ര

By Web TeamFirst Published May 10, 2024, 8:12 PM IST
Highlights

ഗാന്ധി കുടുംബത്തിൽ നിൽക്കുമ്പോൾ ജനം നിങ്ങളെ വ്യവസായി ആയല്ല രാഷ്ട്രീയക്കാരനായാണ് കാണുന്നത്

ദില്ലി: ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി ലോക്‌സഭാ സീറ്റുകളെക്കുറിച്ച് കുടുംബത്തിൽ തർക്കമില്ലെന്ന് പ്രിയങ്ക ഗാന്ധിയുടെ ജീവിത പങ്കാളി റോബർട്ട് വദ്ര. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഇടയിൽ ഇതുകൊണ്ട് തർക്കമുണ്ടാക്കാനാകില്ല. മത്സരിക്കണം എന്ന ആവശ്യത്തിൽ താൻ ഉറച്ചു നിന്നിരുന്നെങ്കിൽ  മത്സരിപ്പിക്കുന്ന കാര്യം കോൺഗ്രസ് പരിഗണിക്കുമായിരുന്നു. ഭാവിയിൽ രാജ്യസഭയിലേക്കോ ലോക്സഭയിലേക്കോ അവസരം കിട്ടിയാൽ മത്സരിക്കുമെന്നും റോബര്‍ട് വദ്ര വ്യക്തമാക്കി. 

പാർലമെൻറിൻറെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നാണ് താൻ പറഞ്ഞത്. ഉടൻ വരുമെന്നോ നേരത്തെ വരേണ്ടതായിരുന്നു എന്നോ അല്ല. പലരും ഞാൻ പാർലമെൻറിൽ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിൽ നിൽക്കുമ്പോൾ ജനം നിങ്ങളെ വ്യവസായി ആയല്ല രാഷ്ട്രീയക്കാരനായാണ് കാണുന്നത്. അതിനാൽ ജനങ്ങൾ അങ്ങനെ ആഗ്രഹിച്ചപ്പോൾ ഞാൻ അതെയെന്ന് പറയുകയായിരുന്നു. ഗാന്ധി കുടുംബവും കോൺഗ്രസും പറഞ്ഞാൽ താൻ മത്സരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെഎൽ ശർമ്മയ്ക്ക് അമേഠിയിൽ സീറ്റ് നൽകിയതിൽ താൻ ഏറെ സന്തോഷിക്കുകയാണ്. സമീപഭാവിയിൽ തന്നെ താൻ അവിടെ പ്രചാരണത്തിനായി പോകും. രാജ്യസഭയിലോ ലോക്‌സഭയിൽ നിന്നോ ആയാലും ജനത്തിനായി പ്രവര്‍ത്തിക്കാൻ ശ്രമിക്കും. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ഒരു രാഷ്ട്രീയ തർക്കവും നെഹ്റു കുടുംബത്തിനകത്തെ ബന്ധങ്ങൾക്കിടയിൽ ഇല്ല. വലിയ പദവികൾ ഒരുപാട് ഞങ്ങൾ കണ്ടിട്ടുണ്ട്. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഇടയിൽ ഒരിക്കലും പ്രശ്നങ്ങൾ ഉണ്ടാവില്ല. എനിക്ക്  വേണം എന്ന് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ് പാര്‍ട്ടിയിൽ സംസാരിക്കാമായിരുന്നു. അങ്ങനെ സംസാരിച്ചാൽ സീറ്റ് കിട്ടാൻ പ്രയാസമുണ്ടാകില്ലായിരുന്നു. എന്നാൽ ഇത് ഞാൻ പൊതു രംഗത്ത് വേണം എന്ന് ആഗ്രഹിച്ചവർ  ഉയർത്തിയ നിർദ്ദേശമാണ്. രാഹുൽ ഗാന്ധിയാണ് റായ്ബറേലിയിൽ മത്സരിക്കുന്നത്. കെഎൽ ശർമ്മ അമേഠിയിൽ മത്സരിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധി അവിടെ പ്രചാരണത്തിലാണ്. വൻ ഭൂരിപക്ഷത്തിൽ രണ്ട് സീറ്റിലും കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!