Latest Videos

'മതിയായ രേഖകളുണ്ട്', ബ്രിജ്ഭൂഷണെതിരെ ലൈംഗിക അതിക്രമം-ഭീഷണിപ്പെടുത്തൽ അടക്കം വകുപ്പുകളിൽ കുറ്റം ചുമത്തി കോടതി

By Web TeamFirst Published May 10, 2024, 7:28 PM IST
Highlights

ബ്രിജ്ഭൂഷൺ സിംഗിനെതിരെ കുറ്റം ചുമത്തി ദില്ലി റൌസ് അവന്യൂ കോടതി , സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി

ദില്ലി: വനിതാ ഗുസ്തി താരങ്ങളുടെ പരാതിയിൽ മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ്ഭൂഷൺ സിംഗിനെതിരെ കുറ്റം ചുമത്തി ദില്ലി റൌസ് അവന്യൂ കോടതി. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം, കുറ്റകരമായ ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി. ബ്രിജ്ഭൂഷണോടൊപ്പം മുൻ ദേശീയ ഗുസ്തി ഫെഡറേഷൻ സെക്രട്ടറി വിനോദ് തോമറിനെതിരെയും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകളാണ് തോമറിന് എതിരെ ചുമത്തിയിരിക്കുന്നത്. ആറ് വനിത ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷണെതിരെ കോടതിയെ സമീപിച്ചത്.

കുറ്റാരോപിതനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഐപിസി സെക്ഷൻ 354, 354 എ (ലൈംഗിക പീഡനം) എന്നിവ പ്രകാരം ശിക്ഷാർഹമായ കുറ്റങ്ങൾ ചുമത്താൻ മതിയായ രേഖകളുണ്ടെന്ന് കോടതി വ്യക്തമാക്കി. രണ്ട് ഗുസ്തിക്കാരുടെ പരാതിയിൽ ഐപിസി സെക്ഷൻ 506(1) പ്രകാരം ശിക്ഷാർഹമായ കുറ്റം ചുമത്താനുംം സിംഗിനെതിരെ മതിയായ രേഖകൾ ജഡ്ജി പ്രിയങ്ക രാജ്പൂത് ഉത്തരവിൽ വ്യക്തമാക്കി. 
 
ആറ് ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എംപിക്കെതിരെ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിരുന്നു. വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. 

നേരത്തെ  ബ്രിജ്ഭൂഷനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന്, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു.  അതേസമയം, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരവും ബ്രിജ്ഭൂഷനെതിരെ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും, പിന്നീട് പരാതി പിൻവലിക്കുകയായിരുന്നു. 

ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് നാഡയുടെ വിലക്ക്! പാരീസ് ഒളിംപിക്‌സ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!