
കൊല്‍ക്കത്ത: കേന്ദ്രമന്ത്രി അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ വിവാദം. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ആദിവാസി നേതാവ് ബിര്‍സമുണ്ടയുടെ പ്രതിമയില്‍ നടത്തിയ പുഷ്പാര്‍ച്ചനയാണ് വിവാദത്തിലായത്. തെറ്റായ പ്രതിമയിലാണ് അമിത് ഷാ പുഷ്പാര്‍ച്ചന നടത്തിയതെന്ന് ആരോപണമുയര്‍ന്നു. ആദിവാസി വിഭാഗങ്ങള്‍ ഏറെയുള്ള ബന്‍കുറ ജില്ല സന്ദര്‍ശിക്കുന്നതിനിടെയാണ് വിവാദമുണ്ടായതത്.
അമിത് ഷാ ബിര്‍സാമുണ്ടയുടെ പ്രതിമയിലല്ല പുഷ്പാര്‍ച്ചന നടത്തിയതെന്ന് ആദിവാസി നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബിര്‍സാമുണ്ടയുടെ പ്രതിമയെന്ന് തെറ്റിദ്ധരിച്ച് ആദിവാസി വേട്ടക്കാരന്റെ പ്രതിമയിലാണ് അമിത് ഷാ പുഷ്പാര്‍ച്ചന നടത്തിയതെന്ന് ഇവര്‍ ആരോപിച്ചു. എന്നാല്‍ പ്രതിമക്ക് താഴെ ബിര്‍സാമുണ്ടയുടെ ഛായചിത്രമുണ്ടായിരുന്നെന്നും അതിലാണ് അമിത് ഷാ പുഷ്പാര്‍ച്ചന നടത്തിയതെന്നും ബിജെപി വിശദീകരിച്ചു. എന്‍ഡിടിവി, മുംബൈ മിറര്‍ തുടങ്ങിയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സംഭവത്തില്‍ അമിത് ഷാക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസും ആദിവാസി നേതാക്കളും രംഗത്തെത്തി. അമിത് ഷാ ബിര്‍സാമുണ്ടയെ അപമാനിച്ചെന്ന് ആദിവാസി സംഘടന ഭാരത് ജഗത് മാഞ്ചി പര്‍ഗണ മഹല്‍ ഭാരവാഹികള്‍ ആരോപിച്ചു. ചിലര്‍ ഗംഗാജലമുപയോഗിച്ച് പ്രതിമ ശുദ്ധിയാക്കി. കേന്ദ്രമന്ത്രി അമിത് ഷാ ബംഗാള്‍ സംസ്‌കാരത്തെ അപമാനിച്ചെന്നും തെറ്റായ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി ബിര്‍സാമുണ്ടയെ അപമാനിച്ചെന്നും തൃണമൂല്‍ ട്വീറ്റ് തെയ്തു.
തൃണമൂല്‍ എംപി നുസ്രത് ജഹാനും അമിത് ഷാക്കെതിരെ രംഗത്തെത്തി. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാരിനിക്കെയാണ് അമിത് ഷായുടെ രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം. അടുത്ത തെരഞ്ഞെടുപ്പില്‍ 200ലേറെ സീറ്റ് നേടി ബംഗാള്‍ ഭരിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam