
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള വെട്രിവേൽ യാത്രയുടെ പേരിൽ രാഷ്ട്രീയ പോര് കനക്കുന്നു. സർക്കാർ അനുമതിയില്ലാതെ ബിജെപി നടത്തിയ വേൽയാത്ര പൊലീസ് തടഞ്ഞതിനെതിരെ ബിജെപി തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ചെന്നൈ അതിർത്തി കടക്കും മുമ്പേ പൊലീസ് വാഹനവ്യൂഹം തടഞ്ഞു. നീണ്ട വാക്ക് തർക്കത്തിനൊടുവിൽ യാത്ര നയിക്കുന്ന ബിജെപി അധ്യക്ഷന്‍റെ വാഹനം മാത്രം കടത്തിവിട്ടു. എന്നാൽ തിരുവള്ളൂരിന് സമീപം വച്ച് നൂറ് കണക്കിന് പ്രവർത്തകർ വേൽ യാത്രയിൽ അണിനിരുന്നു.
ഇതോടെ തിരുവള്ളൂരിലെ മുരുകന്‍റെ ക്ഷേത്രത്തിന് മുന്നിൽ വച്ച് പൊലീസ് ബാരിക്കേഡ് വച്ചും വടം കെട്ടിയും യാത്ര പൂർണമായി തടഞ്ഞു. എതിർപ്പ് ഉയർത്തിയ ബിജെപി തമിഴ്നാട് അധ്യക്ഷൻ എൽ മുരുകൻ, എച്ച് രാജ ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തു. ഇതോടെ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമായി. നൂറോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കൊവിഡ് വ്യാപനം കാരണമാണ് സര്‍ക്കാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്.
എന്നാൽ അണ്ണാഡിഎംകെ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ വിവിധയിടങ്ങളിൽ റോഡ് ഉപരോധിച്ചു. മുരുകന്‍റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടില്‍ ഉടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ ബാബ്റി മസ്ജിത്ത് തകർത്തതിന്‍റെ വാർഷിക ദിനായ ഡിസംബർ 6 ന് അവസാനിക്കുന്ന വേൽയാത്ര വർഗീയവിദ്വേഷം ലക്ഷ്യമിട്ടെന്ന് ഡിഎംകെ ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam