
ദില്ലി: 2022ലെ ആഗോള പട്ടിണി സൂചിക റിപ്പോർട്ട് നിരുത്തരവാദപരവും നികൃഷ്ടവുമാണെന്ന് ആര്‍എസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം). ഇന്ത്യയെ അപകീർത്തിപ്പെടുത്തിയതിന് പ്രസാധകർക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും എസ്ജെഎം പറഞ്ഞു. 2022-ലെ ആഗോള പട്ടിണി സൂചികയിൽ 121 രാജ്യങ്ങളിൽ ഇന്ത്യ 107-ാം സ്ഥാനത്താണെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അയൽരാജ്യങ്ങളേക്കാൾ വളരെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ശിശുമരണ നിരക്കിലും ഇന്ത്യ മുന്നിലാണ്.
അയർലൻഡിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള സർക്കാരിതര സംഘടനകളായ കൺസേൺ വേൾഡ് വൈഡും വെൽറ്റ് ഹംഗർ ഹിൽഫുമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ വളരെ നിരുത്തരവാദപരമായ രീതിയിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ആർഎസ്എസ് അനുബന്ധ സംഘടനയായ എസ്ജെഎം കുറ്റപ്പെടുത്തി. എല്ലാ അർഥത്തിലും റിപ്പോർട്ട് തെറ്റാണെന്നും സംഘടന പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ആഗോള പട്ടിണി സൂചികയെയും ഇന്ത്യ ശക്തമായി എതിർത്തിരുന്നു. സൂചിക തയ്യാറാക്കുന്ന രീതിയെയും മാനദണ്ഡങ്ങളെയും ഇന്ത്യ വിമർശിച്ചിരുന്നു.
'തെറ്റായ വിവരങ്ങളാണ്, പ്രതിഛായ തകർക്കാനുള്ള നീക്കം'; ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ പ്രതികരണം
തെറ്റുകൾ തിരുത്തുമെന്ന് ലോക ഭക്ഷ്യ സംഘടന (എഫ്എഒ) പറഞ്ഞിരുന്നു. എന്നാൽ വീണ്ടും അതേ തെറ്റ് ആവർത്തിച്ചിരിക്കുന്നു. ദുരുദ്ദേശത്തോടെയാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് രാജ്യത്തെ അ പകീർത്തിപ്പെടുത്തുകയും ചെയ്യുന്ന സംഘടനകൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണെന്നും സംഘടന പറഞ്ഞു. 2021-22ൽ ഇന്ത്യയിലെ മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം 3,160 ലക്ഷം ടൺ ആണ്. ഇത് പ്രതിശീർഷം 227 കിലോഗ്രാം ധാന്യം ഉൽപാദിപ്പിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും കഴിഞ്ഞ 28 മാസമായി 80 കോടി രാജ്യക്കാർക്ക് ധാന്യങ്ങളും പയറുവർഗങ്ങളും വിതരണം ചെയ്യുന്നുണ്ടെന്നും അധികൃതർ പറയുന്നു.
14 ലക്ഷം അങ്കണവാടികൾ വഴി 7.71 കോടി കുട്ടികൾക്കും 1.78 കോടി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാരവും നൽകിയിട്ടുണ്ടെന്നും വിശദീകരിച്ചു.